കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ 'എന്റെ വീട്' പാര്‍പ്പിട പദ്ധതി ഉദ്ഘാടനം ചെയ്തു
പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി അര്‍ഹതപ്പെട്ട ആയിരം കുടുംബങ്ങള്‍ക്കാണ് 40 കോടി രൂപ മുടക്കി വീടൊരുക്കുന്നതെന്ന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു
കൊച്ചി: കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന എന്റെ വീട് പാര്‍പ്പിട പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി അര്‍ഹതപ്പെട്ട ആയിരം കുടുംബങ്ങള്‍ക്കാണ് 40 കോടി രൂപ മുടക്കി വീടൊരുക്കുന്നതെന്ന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി അര്‍ഹരായ 13 ഗുണഭോക്താക്കളെ കണ്ടെത്തി 52 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും നാലു ലക്ഷം രൂപ വീതമാണ് ഭവന നിര്‍മാണത്തിനായി അനുവദിക്കുന്നത്. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ ഗുണഭോക്താവിന്റെ ഗൃഹപ്രവേശം മെയ് 19നു വയനാട് ജില്ലയിലെ വൈത്തിരിയില്‍ നടക്കും.സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുന്ന സമയത്തും രാജ്യത്തെ ദാരിദ്യം തുടച്ചു നീക്കാന്‍ നമുക്കു പറ്റിയിട്ടില്ല. ഇതു ഏതെങ്കിലും സര്‍ക്കാറിന്റെ മാത്രം കുറ്റമാണെന്നു പറയാനാകില്ല.
അവനവനു കഴിയുന്ന വിധം ഓരോരുത്തരും വിചാരിച്ചാല്‍ ഈ രാജ്യത്തു കുറേ നല്ല കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വേഗത്തില്‍ നടപ്പാക്കുന്നതിനും മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍,ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ് പ്രകാശ് സംസാരിച്ചു. ഭവനരഹിതരായ സാമ്പത്തിക പരിമിതികളുള്ളവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
