തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ അനന്തഗോപനെ പാര്‍ട്ടി ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച അനന്തഗോപന്‍ ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും.
നിലവിലെ അധ്യക്ഷന്‍ എന്‍ വാസുവിന്റെ കാലാവധി നവംബര്‍ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. എന്‍ വാസുവിന് ഒരു കൊല്ലം കൂടി നീട്ടി നല്‍കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
അഡ്വ. മനോജ് ചരളേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും. കെ എസ് രവിയുടെ രണ്ടുവര്‍ഷ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മനോജിനെ സിപിഐ ശുപാര്‍ശ ചെയ്യുകയായിരുന്നു. സിപിഐ പത്തനംതിട്ട ജില്ല എക്‌സിക്യൂട്ടീവ് അംഗമായ അഡ്വ.മനോജ് പത്തനംതിട്ട വൃന്ദാവനം സ്വദേശിയാണ്.