ന്യൂഡല്‍ഹി: അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേല്‍ക്കും. അദ്ദേഹത്തെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് (സിജെഐ) ബിആര്‍ ഗവായി ശുപാര്‍ശ ചെയ്തു. 53-ാമത് ചീഫ് ജസ്റ്റിസായാണ് സൂര്യകാന്ത് ചുമതലയേല്‍ക്കുന്നത്.
ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചാല്‍, ഹരിയാനയില്‍ നിന്ന് ആ പദവിയിലെത്തുന്ന ആദ്യ വ്യക്തിയായിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. ജസ്റ്റിസ് ബിആര്‍ ഗവായിയുടെ കാലാവധി നവംബര്‍ 23ന് അവസാനിക്കും.
ഹരിയാന സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത് 1981 ല്‍ ഹിസാറിലെ ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളജില്‍ നിന്നാണ് ബിരുദം നേടി. 1984 ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം ഹിസാര്‍ ജില്ലാ കോടതിയിലാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്. 1985 ല്‍ ചണ്ഡീഗഡ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
ഭരണഘടന, സിവില്‍ നിയമങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം, 2000ത്തില്‍ അഡ്വക്കേറ്റ് ജനറലായി ഉയര്‍ത്തപ്പെട്ടു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. 2004 ജനുവരി ഒന്‍പതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി അദ്ദേഹം നിയമിതനായി. 2022ല്‍ രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി ഉപയോഗിക്കരുതെന്നും, തീര്‍പ്പാക്കാത്ത എല്ലാ വിചാരണകളും, അപ്പീലുകളും, നടപടികളും നിര്‍ത്തിവയ്ക്കണമെന്നും സുപ്രിം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ച ബെഞ്ചിലും അദ്ദേഹം ഭാഗമായിരുന്നു.
