ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന സിപിഎം നിലപാട് തെറ്റ്: ജയ്ഭീം ഫെയിം ചന്ദ്രു
ജാതി വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ എന്തിനാണ് പ്രത്യേക സംഘടന. പാര്‍ട്ടിക്കുതന്നെ നേരിട്ട് വിഷയം ഏറ്റെടുത്ത് സമരം ചെയ്തുകൂടേ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍പ്പോലും പാര്‍ട്ടി കൃത്യമായ നിലപാടെടുത്തിട്ടില്ല.
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന സിപിഎം നിലപാട് തെറ്റാണെന്ന് ജയ് ഭീം ഫിലിം ഫെയിം ജസ്റ്റിസ് ചന്ദ്രു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ സിപിഎം സാമ്പത്തിക സംവരണം നടപ്പിലാക്കി. വോട്ടുബാങ്ക് മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് തോന്നുന്നു. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. കോടതി അതില്‍ ഇടപെടുമെന്നു തന്നെയാണ് കരുതുന്നത്. ജാതിയില്‍ ഉയര്‍ന്നവര്‍ക്ക് എങ്ങനെയാണ് സംവരണം നല്‍കുക. തൊട്ടുകൂടായ്മപോലുള്ള വിഷയത്തില്‍ സിപിഎം ഇടപെട്ടിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ജാതി വിഷയം പൂര്‍ണമായി അഭിസംബോധന ചെയ്തു എന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതി വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ എന്തിനാണ് പ്രത്യേക സംഘടന. പാര്‍ട്ടിക്കുതന്നെ നേരിട്ട് വിഷയം ഏറ്റെടുത്ത് സമരം ചെയ്തുകൂടേ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍പ്പോലും പാര്‍ട്ടി കൃത്യമായ നിലപാടെടുത്തിട്ടില്ല. കോടതി വിധിയെ എതിര്‍ത്തു. എന്നാല്‍, കോടതിയില്‍പോലും പാര്‍ട്ടി തുടര്‍നടപടികളുമായി മുന്നോട്ടുപോയില്ല. ഇക്കാര്യം താന്‍ മുമ്പ് തന്നെ പറഞ്ഞിരുന്നതായും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ എതിര്‍ത്തതാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താകാനുള്ള കാരണം. രാജീവ് ഗാന്ധിയും ജയവര്‍ധനയും അന്ന് ഒരു കരാറില്‍ ഒപ്പിട്ടു. അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് യാതൊരു പ്രധാന്യവും നല്‍കാതെ രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടി അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു തന്റേത്. എന്നാല്‍, കരാറിനെ പാര്‍ട്ടി അനുകൂലിച്ചു. വിഷയത്തില്‍ ഞങ്ങള്‍ കുറച്ച് അഭിഭാഷകര്‍ ചേര്‍ന്ന് ഒരു പരിപാടി സംഘടിപ്പിച്ചു. മാര്‍ക്‌സിസ്റ്റ് തത്ത്വങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് താന്‍ വാദിച്ചു. എന്നാല്‍, അത് പാര്‍ട്ടി അംഗീകരിച്ചില്ല. 1988 ജനുവരി 13ന് അവര്‍ തന്നെ പുറത്താക്കിയെന്നും ചന്ദ്രു അദ്ദേഹം പറഞ്ഞു.
അതേസമയം, 'ജയ് ഭീമി'ന് അഭിനന്ദനവുമായി സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറുപ്പിറക്കി.
'സിപിഎം ഏറ്റെടുത്ത് നടത്തിയ മഹത്തായ പോരാട്ടമായിരുന്നു കടലൂര്‍ കമ്മാപുരത്ത് ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജാ കണ്ണിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള പ്രക്ഷോഭം. രാജാകണ്ണിന്റെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടവുമായി തമിഴ്‌നാട് പാര്‍ട്ടി മുന്നോട്ട് പോയി. രാജാ കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നേടികൊടുക്കാനും സിപിഎമ്മിനായെന്നും' വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍, ജയ് ഭീമിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് സിപിഎമ്മുനായി യാതൊരു ബന്ധവുമില്ലെന്ന ജസ്റ്റിസ് കെ ചന്ദ്രുവിന്റെ പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് സിപിഎം വാര്‍ത്താക്കുറുപ്പ് പുറത്തുവിടുന്നത്. 1988ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ തന്റെ സിപിഎം ബന്ധം അവസാനിച്ചതാണെന്നും 1993ലാണ് രാജാക്കണ്ണ് സംഭവം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചന്ദ്രു സിപിഎമ്മിനെ വെട്ടിലാക്കിയത്.
ദലിത് ജീവിതം അടയാളപ്പെടുത്തുന്ന ജയ്ഭീം എന്ന തമിഴ് ചിത്രത്തില്‍, നിയമപോരാട്ടം നടത്തുന്ന കേന്ദ്രകഥാപാത്രം, ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതമാണ് പറയുന്നത്. സിനിമ പുറത്തിറങ്ങിയതോടെ, ചിത്രത്തിലെ യഥാര്‍ഥ നായകന്‍ ജസ്റ്റിസ് ചന്ദ്രു ചര്‍ച്ചയായി. ദലിതര്‍ അനുഭവിക്കുന്ന ക്രൂരമായ ജാതി വിവേചനമാണ് സിനിമ പറയുന്നത്.

