അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രന്‍ അറസ്റ്റില്‍

Update: 2025-06-13 11:21 GMT

കാഞ്ഞങ്ങാട്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രന്‍ അറസ്റ്റില്‍. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലും രഞ്ജിതയെ അധിക്ഷേപിച്ച എ.പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്‌ററ്. മദ്യപിച്ച് ഓഫീസില്‍ എത്തിയതിനാണ് അറസ്റ്റ്.ജില്ലാകലക്ടര്‍ കര്‍ശന നടപടിക്ക് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. ഇയാള്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹനല്ല എന്ന് റിപോര്‍ട്ടില്‍ സൂചനയുണ്ട്.

പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ ഇയാള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്.

ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരന്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

Tags: