ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്‌ലിന്‍ ദാസിന്റെ വിലക്ക് നീക്കണമെന്ന ഹരജി തള്ളി

Update: 2025-06-02 09:42 GMT

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവത്തില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ വിലക്ക് നീക്കണമെന്ന ഹരജി കോടതി തള്ളി. വഞ്ചിയൂര്‍ പരിധിയിലാണ് ബെയ്‌ലിന്‍ ദാസിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജാമ്യവ്യവസ്ഥ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു അഭിഭാഷക ശ്യാമിലിയുടെ ആരോപണം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു.അതേസമയം അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു.

നിലവില്‍ സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. വിഷയത്തില്‍ അന്തിമ തീരുമാനം ഈ മാസത്തിനകം നല്‍കുമെന്നാണ് വിവരം. സമിതിക്കു മുന്നില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയും ബെയ്‌ലിന്‍ ദാസും ഹാജരായിരുന്നു. വിഷയത്തില്‍ രണ്ടു പേരും മൊഴി നല്‍കി. ഓണ്‍ലൈനായാണ് ബെയ്‌ലിന്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരായത്.

Tags: