ജൂണ്‍ 27 പ്രതിഷേധദിനം: തീസ്ത സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ അപലപിച്ച് പുകസ

Update: 2022-06-26 11:39 GMT

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകരായ തീസ്ത സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അപലപിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ പുകസ പ്രതിഷേധദിനമായി ആചരിക്കും.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ 19 വര്‍ഷക്കാലം നീണ്ട പോരാട്ടത്തിലായിരുന്നു തീസ്ത സെതല്‍വാദും ആര്‍ ബി ശ്രീകുമാറും. കലാപത്തിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ മുന്‍ നിന്നു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അവര്‍ സംഘപരിവാറിന്റെ കണ്ണിലെ കരടായി. മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി തീസ്തയും ശ്രീകുമാറും നടത്തുന്ന പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാനാണ് ഈ അറസ്റ്റ് നീക്കം. സുപ്രീം കോടതി വിധിയുടെ മറവില്‍ പരാതിക്കാരെത്തന്നെ വേട്ടയാടുകയാണ് ഗുജറാത്ത് പോലിസ്. പൗരാവകാശത്തിനും, ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണം സംഘ പരിവാര്‍ ഭരണകൂടം തുടരുകയാണ്.

ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന തീസ്ത സെതല്‍വാദിന്റെയും ആര്‍.ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ച്

ജൂണ്‍ 27 ന്പുരോഗമന കലാ സാഹിത്യ സംഘം കേരളത്തിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പുകസ പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ അറിയിച്ചു.

Tags: