പള്ളികളില്‍ ജുമുഅ പുനരാരംഭിച്ചു

സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി പിന്‍പറ്റിയാണ് ജുമുഅ നിസ്‌കാരം നടന്നത്.

Update: 2020-06-12 13:59 GMT

മാള: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ച ജുമുഅ നിസ്‌കാരം മാള മേഖലയിലെ ചില പള്ളികളില്‍ ഇന്ന് പുനരാരംഭിച്ചു. മാരേക്കാട് ഉമറുല്‍ ഫാറൂഖ് ജുമാ മസ്ജിദ്, കാട്ടിക്കരക്കുന്ന് ജുമാ മസ്ജിദ്, കിഴക്കേ പുത്തന്‍ചിറ ജുമാ മസ്ജിദ് എന്നിവിടങ്ങളിലാണ് ജുമുഅ പുനരാരംഭിച്ചത്.

സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി പിന്‍പറ്റിയാണ് ജുമുഅ നിസ്‌കാരം നടന്നത്. വിശ്വാസികള്‍ എത്തുന്നതിന് മുന്‍പ് മഹല്ല് കമ്മിറ്റികളുടേയും വിഖായ വളണ്ടിയര്‍മാരുടേയും നേതൃത്വത്തില്‍ പള്ളികളില്‍ ശുചീകരണം നടത്തിയിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. വീട്ടില്‍ നിന്ന് വുദു ചെയ്ത് വരുന്ന വിശ്വാസികള്‍ക്ക് വേണ്ടി പള്ളികളില്‍ ഹാന്റ് വാഷ് സൗകര്യവും ഒരുക്കി.

പള്ളിയിലെത്തിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മസ്ജിദുകളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. നിസ്‌കാര സ്ഥലത്ത് വിരിക്കുന്നതിനുള്ള മുസല്ലകളുമായിട്ടാണ് വിശ്വാസികള്‍ എത്തിയത്. ചുരുങ്ങിയ സമയത്തിനകം നിസ്‌കാരവും ഖുതുബയും നിര്‍വ്വഹിച്ച് ജുമുഅ പര്യവസാനിപ്പിച്ചു. ജുമുഅക്ക് ശേഷം പള്ളികളില്‍ നിന്ന് മടങ്ങിയ വിശ്വാസികളുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. നീണ്ട ഇടവേളക്ക് ശേഷം പുനരാരംഭിച്ച ജുമുഅയില്‍ വിശ്വാസികള്‍ ഏറെ ആവേശപൂര്‍വ്വമാണ് പങ്കെടുക്കാനെത്തിയത്.

മേഖലയിലെ മറ്റ് പള്ളികളിലും അടുത്ത ആഴ്ച്ചതന്നെ ജുമുഅ പുനരാരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അതേസമയം ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്നാണ് മാള, കൊച്ചുകടവ് തുടങ്ങിയ മഹല്ല് ഭാരവാഹികള്‍ അറിയിച്ചത്.  

Tags:    

Similar News