ജിഗ്‌നേഷ് മേവാനിയെ നിരന്തരം വേട്ടയാടുന്ന ബിജെപി സര്‍ക്കാരിന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും: പ്രസീദ അഴീക്കോട്

പട്ടികജാതി ഗോത്രവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ജനനേതാക്കളെ തുറുങ്കിലടച്ച് ഭയപ്പെടുത്താമെന്നാണ് സംഘപരിവാര്‍ കരുതുന്നത്

Update: 2022-04-23 06:55 GMT

തിരുവനന്തപുരം: ജിഗ്‌നേഷ് മേവാനി എംഎല്‍എയെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സര്‍ക്കാരിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രസീദ അഴീക്കോട്. ഭാരതത്തിലെ പട്ടികജാതി ഗോത്രവര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഗുജറാത്ത് നിയമസഭാംഗമായ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് തുറങ്കലില്‍ അടച്ച് പക തീര്‍ക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. പട്ടികജാതി ഗോത്രവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ജനനേതാക്കളെ തുറുങ്കിലടച്ച് ഭയപ്പെടുത്താമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അത്തരത്തില്‍ അറസ്റ്റു കൊണ്ടും ഭീകരമര്‍ദ്ദനം കൊണ്ടും പിന്മാറുന്നവരല്ല ഭാരതമക്കളായ ഭീം അടിസ്താന ജനതയെന്ന് പ്രസീദ ഓര്‍മ്മിപ്പിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളുടെ നേതൃത്വത്തില്‍ അടിസ്ഥാന വിഭാഗങ്ങളെ നിരന്തരം അക്രമിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ വേട്ടയാടല്‍. ബിജെപി സര്‍ക്കാരിന്റെ ആവര്‍ത്തിക്കുന്ന ജനാധിപത്യവിരുദ്ധ നീക്കള്‍ക്കെതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത്തരം വേട്ടയാടലുകള്‍ക്കെതിരേ വരും നാളുകളില്‍ ജെആര്‍പിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാവുമെന്നും പ്രസീദ അഴീക്കോട് പ്രസ്താവനയില്‍ പറഞ്ഞു. 

Tags: