'ജെപി നദ്ദ തിരിച്ചുപോവുക'; പട്‌ന കോളജില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദക്കെതിരേ പ്രതിഷേധം
പട്‌ന: ബിജെപി അധ്യക്ഷനും പട്‌ന കോളജ് മുന്‍ വിദ്യാര്‍ത്ഥിയുമായ ജെ പി നദ്ദക്കെതിരേ പട്‌ന സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) വിദ്യാര്‍ത്ഥികളാണ് നദ്ദക്കെതിരേ പ്രതിഷേധമുയര്‍ത്തിയത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും പട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്ര പദവി നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
നദ്ദയെ പുറത്തെത്തിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. പട്‌ന കോളജില്‍ പൊളിറ്റക്കല്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവും ഇവിടെ ജോലി ചെയ്തിരുന്നു. കോളജിലെ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനും കോളജ് സന്ദര്‍ശിക്കാനും എത്തിയതായിരുന്നു നദ്ദ.
ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാരില്‍ ബിജെപിയും പങ്കാളിയാണ്. പട്‌ന യൂനിവാഴ്‌സിറ്റിക്ക് കേന്ദ്ര പദവി നല്‍കണമെന്ന ആവശ്യം നേരത്തെ നിതീഷും ഉയര്‍ത്തിയിരുന്നെങ്കിലും അത് പരിഗണിക്കപ്പട്ടിരുന്നില്ല. മറ്റ് പല പാര്‍ട്ടികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ബിജെപിയുമായി ബന്ധപ്പെട്ട ദ്വിദിന സമ്മേളനത്തിനായാണ് നദ്ദ സംസ്ഥാന തലസ്ഥാനത്ത് എത്തിയത്. പട്‌നയില്‍ ഒരു റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
ഐസ സംസ്ഥാന യൂണിറ്റ് ജോയിന്റ് സെക്രട്ടറി കുമാര്‍ ദിവ്യമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. 2020ലെ വിദ്യാഭ്യാസ നയം അസമത്വത്തിനുള്ള പ്രോല്‍സാഹനമാണെന്ന് ഐസ അഭിപ്രായപ്പെട്ടു.
