പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തി സെനറ്റിന്റെ പ്രസിഡന്റ് ജോസഫ് ലംബര്‍ട്ടിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന സാവനല്‍ മായിസ് വെടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടിവന്നത്.
ജോസഫ് ലംബര്‍ട്ടിന്റെ നിയമനത്തെ സെനറ്റിലെ മൂന്നിലൊന്ന് പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പിന്തണച്ചു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ ജോസഫ് ലംബര്‍ട്ട് പ്രസിഡന്റ് പദവിയിലിരിക്കും. അടുത്ത ദിവസം തന്നെ ലംബര്‍ട്ട് ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അതിനിടയില്‍ മുന്‍ പ്രസിഡന്റ് കൊല്ലപ്പെടുന്നതിനു മുമ്പ് പ്രധാനമന്ത്രിയായി നിയമിച്ച ഏരിയല്‍ ഹെന്‍ട്രിയെ പ്രസിഡന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് ചില പ്രതിപക്ഷ കക്ഷികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
ഹെന്‍ട്രിക്ക് പുതിയ കാബിനറ്റിനെ തിരഞ്ഞെടുക്കാന്‍ സമയം ലഭിച്ചിരുന്നില്ല. മായിസിന്റെ മരണസമയത്ത് ക്ലൗഡ് ജോസഫായിരുന്നു പ്രധാനമന്ത്രി. ഫലത്തില്‍ അദ്ദേഹമാണ് ഇടക്കാല പ്രധാനമന്ത്രി.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പ്രസിഡന്റ് സാവനല്‍ മായിസിനെ അക്രമികള്‍ വീടിനകത്ത് കടന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘത്തിലെ നാല് പേരെ തല്‍സമയം വെടിവച്ചുകൊന്നു. രണ്ട് പേരെ പിടികൂടി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സാവനലിനെതിരെ ഈ വര്‍ഷമാദ്യം രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സാവനല്‍ മായിസ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ പോലിസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി. ദരിദ്ര രാഷ്ട്രമായ ഹെയ്ത്തി ഏകാധിപത്യത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും പേരുകേട്ട ഇടമാണ്. 53 കാരനായ മുന്‍ ബിസിനസുകാരന്‍ മായിസ് 2017ലാണ് അധികാരമേറ്റത്.

