ജോധ്പൂര്‍ സംഘര്‍ഷം: ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 141 പേര്‍

Update: 2022-05-04 17:30 GMT

ജോധ്പൂര്‍: ജോധ്പൂരില്‍ തിങ്കളാഴ്ച അര്‍ധരാത്രി പൊട്ടിപ്പുറപ്പെടുകയും ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ തുടരുകയും ചെയ്ത സംഘര്‍ഷത്തില്‍ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തത് 141 പേരെ. ജോധ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എംഎല്‍ ലാതര്‍ പറഞ്ഞു. 

'സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും പോലിസ് സ്വീകരിക്കുന്നുണ്ട്. ഇതുവരെ 141 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇവരില്‍ 133 പേര്‍ക്കെതിരേ ഐപിസി 151 പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മറ്റ് കേസുകളില്‍ 8 പേരും. ഇതുവരെ 4 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 8 കേസുകള്‍ നാട്ടുകാര്‍ നല്‍കി. സംഘര്‍ഷത്തില്‍ ഒമ്പത് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയില്ല. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മൂന്നുപേരും അപകടനില തരണം ചെയ്തു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ പോലിസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസമാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. പെരുന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായി നാട്ടിയ പതാകയും ഉച്ചഭാഷിണിയും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം രൂപപ്പെട്ടത്. അത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിവരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക. 

Tags:    

Similar News