ദുബയ് എക്‌സ്‌പോയില്‍ തൊഴിലവസരം; അപേക്ഷ ക്ഷണിച്ചു

ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന ദുബയ് എക്‌സ്‌പോ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിപാടിയാണ്

Update: 2021-04-08 01:46 GMT

ദുബയ്: ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബയ് എക്‌സ്‌പോയില്‍ വിവിധ ജോലിക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ടൂര്‍ ഗൈഡ്, ഷെഫ്, മാനേജര്‍മാര്‍, മീഡിയ ഓഫീസര്‍, റിസപ്ഷനിസ്റ്റ്, പ്രോട്ടോകോള്‍ ഓഫീസര്‍ തുടങ്ങി വിവിധ തസ്തികകളിലേക്ക് ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ പരിചയം എന്നിവ പരിഗണിച്ചായിരിക്കും നിയമനം. 2,000 മുതല്‍ 30,000 ദിര്‍ഹം വരെ ശമ്പളമാണ് വിവിധ തസ്തികകള്‍ക്ക് നല്‍കുന്നത്.


ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന ദുബയ് എക്‌സ്‌പോ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിപാടിയാണ്. ആറു മാസത്തോളം നീളുന്ന എക്‌സ്‌പോയില്‍ ദിവസവും 3 ലക്ഷം സന്ദര്‍ശകരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ പവിലിയനുകള്‍ക്ക് 200 ജീവനക്കാരെ വരെ ആവശ്യം വരും. മുഴുസമയ ജോലിക്കാരെ കൂടാതെ പാര്‍ട് ടൈമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമുണ്ട്.


തൊഴിലവസരങ്ങള്‍ ഏതൊക്കെയാണ് എന്നത് സംബന്ധിച്ച് വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മാനേജര്‍ പോസ്റ്റുകളാണ് കൂടുതലും. എക്‌സ്‌പോ പവിലിയനുകളിലെ മീഡിയ, പ്രോഗ്രാം, പ്രദര്‍ശനം തുടങ്ങി എല്ലാം മാനേജ് ചെയ്യുക എന്നതു തന്നെയാണ് വലിയ ജോലി. ധനകാര്യ മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. സോഷ്യല്‍ മീഡിയ രംഗത്ത് പരിചയമുള്ളവര്‍ക്കും കാംപയിന്‍, ബ്രാന്‍ഡിങ് മേഖലയിലെ കഴിവുറ്റവര്‍ക്കും അവസരമുണ്ട്. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കും അപേക്ഷിക്കാം. www.expo2020dubai.com/en/careers എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വ്യക്തിഗത വിവരങ്ങളും സി.വിയും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം. കഴിവുള്ളവരെ തിരഞ്ഞെടുത്ത ശേഷം അഭിമുഖത്തിന് ക്ഷണിക്കും.




Tags:    

Similar News