തൃശൂര്‍: അഭ്യസ്ത വിദ്യരായ 788 പേര്‍ക്ക് തൊഴിലവസരം നല്‍കി കേരള നോളേജ് ഇക്കോണമി മിഷന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഗവ.എന്‍ജിനീയറിംഗ് കോളജില്‍ നടന്ന തൊഴില്‍ മേളയിലാണ് നിരവധി യുവതീ, യുവാക്കള്‍ക്ക് തൊഴിലവസരം ലഭിച്ചത്. വിവിധ കമ്പനികള്‍ 192 പേരെ തിരഞ്ഞെടുത്തു. 596 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കേരളത്തിന് അകത്തും പുറത്തു നിന്നായി 83 കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. 70 കമ്പനികള്‍ നേരിട്ടും 13 കമ്പനികള്‍ വെര്‍ച്വലായും തൊഴില്‍ ദാതാക്കളായി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഇന്നലെ (18.01.2022) രാവിലെ 8 മണി മുതല്‍ 10.30 വരെ ഗവ.എഞ്ചിനീയറിങ് കോളേജില്‍ 1436 പേര്‍ ഇന്റര്‍വ്യൂവിന് ഹാജരായി. പ്ലസ് ടു വിദ്യാഭ്യാസം മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ അവസരം ലഭിച്ചു.
ഐടി, എന്‍ജിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ടാക്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്. മേള 6 മണിക്ക് സമാപിച്ചു.
ജനുവരി 21, 22, 23 തീയതികളില്‍ വെര്‍ച്ച്വല്‍ ജോബ് ഫെയര്‍
ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി വെര്‍ച്ച്വല്‍ ( ഓണ്‍ലൈന്‍) ജോബ് ഫെയര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. DWMS രജിസ്റ്റര്‍ ചെയ്ത ഐഡി ഉപയോഗിച്ച് തന്നെ ജോബ് ഫെയര്‍ പോര്‍ട്ടലില്‍ കയറി ഓരോ തൊഴില്‍ അന്വേഷകനും വെര്‍ച്ച്വല്‍ ജോബ് ഫെയര്‍ തിരഞ്ഞെടുക്കാനുള്ള അവസരവും സൗകര്യവും ലഭ്യമാണ്. ജനുവരി 21, 22, 23 തീയതികളിലായാണ് വെര്‍ച്ച്വല്‍ ജോബ് ഫെയര്‍ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ ഉപയോഗിച്ച് തന്നെ നേരിട്ട് വെര്‍ച്ച്വല്‍ സംവിധാനത്തില്‍ പങ്കെടുക്കാം. വിവിധ തൊഴില്‍ മേഖലകളിലെ നാനൂറില്‍പ്പരം കമ്പനികളും വെര്‍ച്ച്വലായി പങ്കെടുക്കുന്നുണ്ട്. DWMS ഐഡി ഉപയോഗിച്ച് തന്നെ വെര്‍ച്ച്വല്‍ ജോബ് ഫെയര്‍ തിരഞ്ഞെടുക്കുന്ന മുറക്ക് ഇന്റര്‍വ്യൂ സമയവും സ്ലോട്ടും നല്‍കിക്കൊണ്ടുള്ള അറിയിപ്പ് ലഭിക്കും.

