ജാര്‍ഖണ്ഡ് റേഷന്‍ കാര്‍ഡ് വഴി പെട്രോള്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കുന്നു

Update: 2021-12-30 02:55 GMT

റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രാജ്യത്താദ്യമായി റേഷന്‍ കാര്‍ഡ് വഴി ഇന്ധനം നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കുന്നു. ഓരോ ലിറ്റര്‍ പെട്രോളിനും 25 രൂപ സബ്‌സിഡി നല്‍കാനാണ് ആലോചന. പാവപ്പെട്ട വിഭാഗത്തിലെ ഓരോ കുടുംബത്തിനും അവരുടെ  ഇരുചക്രവാഹനത്തിന് പ്രതിമാസം പത്ത് ലിറ്റര്‍ പെട്രോള്‍ ലഭിക്കും.  

പദ്ധതിയുടെ അവസാന രൂപം തയ്യാറാവുന്നതേയുള്ളൂ. റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പദ്ധതി പ്രഖ്യാപിക്കും.

ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ പെട്രോള്‍  ലിറ്ററിന് 98.52 രൂപക്കാണ് ലഭിക്കുന്നത്. ഡീസല്‍ 91.56 രൂപയുമായി. 

ജെഎംഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടപടി.

''ഇന്ധന വില സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. മോട്ടോര്‍ സൈക്കിളുകളുള്ള പാവപ്പെട്ടവര്‍ക്ക് ഇന്ധനവില താങ്ങാനാവാത്തതിനാല്‍ അവര്‍ക്ക്  സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനാവുന്നില്ല. ആളുകള്‍ മണ്ണെണ്ണയും പെട്രോളും കലര്‍ത്തിയാണ് ഉപയോഗിക്കുന്നതെന്ന് കേള്‍ക്കുന്നു. പെട്രോള്‍ വില 25 രൂപ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്''- മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. 

16,000 കോടിയുടെ 1,500 സ്‌കീമുകള്‍ക്ക് ഗവര്‍ണര്‍ രമേശ് ബെയ്‌സുമായി ചേര്‍ന്ന് ശിലാസ്ഥാപനം നടത്തിയതിനു പിന്നാലെയാണ് ഇന്ധന വിലയില്‍ സബ്‌സിഡി അനുവദിക്കാനുള്ള തീരുമാനം പുറത്തുവിട്ടത്.

ഒരു കുടുംബത്തിന് പത്ത് ലിറ്ററാണ് പരമാവധി ലഭിക്കുക. സബ്‌സിഡി ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു പദ്ധതി രാജ്യത്താദ്യമായി ജാര്‍ഖണ്ഡ് സര്‍ക്കാരാണ് നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്യത്തെ 23 സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കുന്നതിന്റെ ഭാഗമായി വാറ്റ് നികുതി കുറച്ചു. 

കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ നികുതി കുറച്ചത്, 13.35 രൂപ പെട്രോളിന് കുറച്ചു. മിസോറമും പോണ്ടിച്ചേരിയും 12 രൂപ കുറച്ചു. 

എല്ലാവര്‍ക്കും നികുതി കുറയ്ക്കുന്നതിനു പകരം പാവപ്പെട്ടവര്‍ക്ക് സബ് സിഡി കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി രാമേശ്വര്‍ ഓറന്‍ പറഞ്ഞു.  

ജാര്‍ഖണ്ഡില്‍ 61 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് ഉള്ളത്. അതില്‍ എത്ര കാര്‍ഡുടമകള്‍ക്ക് മോട്ടോര്‍ സൈക്കിളുകളുണ്ടെന്ന കാര്യം വ്യക്തമല്ല. 2 മുതല്‍ 20 ലക്ഷം വരെ വിവിധ കണക്കുകളില്‍ പറയുന്നു. 

ആധാര്‍ അടിസ്ഥാനപ്പെടുത്തി പെട്രോള്‍ പമ്പുകള്‍ വഴി ഇന്ധനം നല്‍കാനും ഒരു ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ സബ് സിഡി അവിടെനിന്നുതന്നെ ലഭിക്കും. അല്ലെങ്കില്‍ ബാങ്ക് വഴി ലഭിക്കും. ഏത് വേണമെന്ന കാര്യം ജനുവരി 26ന് പ്രഖ്യാപിക്കും.