കോടതിവളപ്പിലെ കൊലപാതകം: ജാര്‍ഖണ്ഡ് സര്‍ക്കാരില്‍നിന്ന് റിപോര്‍ട്ട് തേടി ഹൈക്കോടതി
റാഞ്ചി: ദിയോഘര്‍ കോടതി വളപ്പില്‍ ഒരു പ്രതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനില വഷളായതായും കോടതി ആശങ്കപ്രകടിപ്പിച്ചു.
കോടതി വളപ്പില്‍ പ്രതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ സെഷന്‍സ് ജഡ്ജി ദിയോഘര്‍ നല്‍കിയ കത്ത് സ്വമേധയാ പരഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡോ രവിരഞ്ജനും ജസ്റ്റിസ് സുജിത് നാരായണ്‍ പ്രസാദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെതിരേ നിരീക്ഷണം നടത്തിയത്.
വെടിവയ്പ്പിലേക്കും കൊലപാതകത്തിലേക്കും നയിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി വിലയിരുത്താനും സിവില്‍ കോടതി പരിസരം സുരക്ഷാ ഓഡിറ്റ് നടത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ദിയോഘറിന്റെ കോടതി വളപ്പില്‍ ഒരു പ്രതിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ സെഷന്‍സ് ജഡ്ജി എഴുതിയ കത്ത് ഹൈക്കോടതി പൊതു താല്‍പ്പര്യഹരജിയായി പരിഗണിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒരു കോടതി കാമ്പസില്‍ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. സ്ഥിരമായി നടക്കുന്നുണ്ട്.
ഒരു കേസില്‍ പ്രതിയായ അമിത് സിംഗ് ജൂണ്‍ 18നാണ് ദിയോഘര്‍ കോടതി വളപ്പില്‍ കൊലചെയ്യപ്പെട്ടത്. തനിക്കെതിരേയുള്ള കേസില്‍ ഹാജരാവാന്‍ വന്നപ്പോഴായിരുന്നു ആക്രമണംനടന്നത്.
