ബിജെപി വിലയ്‌ക്കെടുക്കുമെന്ന് ഭയന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ്-ജെഎംഎം എംഎല്‍എമാരെ ഛത്തിസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റി

Update: 2022-08-30 12:34 GMT

റാഞ്ചി: ഇരട്ടപ്പദവി കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അയോഗ്യതാഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെഎംഎം എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന അയല്‍ സംസ്ഥാനമായ ഛത്തിസ്ഗഢിലേക്ക് മാറ്റി. എംഎല്‍എമാരെ ബിജെപി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ജാര്‍ഖണ്ഡ് ഭരണകക്ഷി നേതൃത്വം മുന്‍കരുതല്‍ നടപടി ആരംഭിച്ചത്.

ഇരട്ടപ്പദവിയുടെ പേരില്‍ മുഖ്യമന്ത്രി സോറന്‍ നിയമസഭയില്‍നിന്ന് രാജിവയ്‌ക്കേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ്, ജെഎംഎം നേതൃത്വം ഭയപ്പെടുന്നത്.

ഇന്ന് ഉച്ചയോടെ എംഎല്‍എമാരെ സോറന്റെ വസതിയില്‍ നിന്ന് രണ്ട് ബസുകളിലായാണ് റാഞ്ചി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. അവിടെനിന്ന് ഒരു ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ കൊണ്ടുപോയത്. റായ്പൂരിലെ മേഫെയര്‍ റിസോര്‍ട്ടില്‍ എംഎല്‍എമാരെ പാര്‍പ്പിക്കുമെന്ന് കരുതുന്നത്.

ശനിയാഴ്ച സോറനും 43 എംഎല്‍എമാരും റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഖുന്തിയിലേക്ക് നീക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

സ്വന്തമായി ഖനന പാട്ടക്കരാര്‍ നീട്ടിനല്‍കിയതിലൂടെ സോറന്‍ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് ബിജെപിയുടെ പരാതി. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേള്‍ക്കുകയും ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഗവര്‍ണറുടെ തീരുമാനം ഏത് സമയത്തും പുറത്തുവിടാം.

81 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എംഎല്‍എമാരാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) ഒരാളുമുണ്ട്.

Tags:    

Similar News