രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം ഫെഡറലിസത്തിന് എതിരെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. കൊവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ സ്വയം കണ്ടെത്തണമെന്ന നയം സഹകരണാത്മകമായ ഫെഡറല്‍ സംവിധാനത്തിന്റെ നിഷേധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിലെ എല്ലാ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പള്‍സ് പോളിയോ മുതലുള്ള എല്ലാ രോഗബാധയ്ക്കും ഇതുവരെ ജാര്‍ഖണ്ഡ് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ ലഭിക്കുന്നത്. വാക്‌സിന്‍ സ്വന്തമായി വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ നിര്‍ദേശിച്ചിരിക്കുകയാണ്. സ്വതന്ത്രഇന്ത്യയില്‍ ഇത്തരമൊരു സാഹചര്യം ഇതാദ്യമാണ്. രാജ്യം മുഴുവന്‍ കൊവിഡ് മഹാമാരിയോട് പൊരുതുകയാണ്- മുഖ്യമന്ത്രി സോറന്‍ പ്രധാനമന്ത്രിക്കുള്ള കത്തില്‍ എഴുതി
കൊവിഡ് പ്രതിരോധത്തിന് വേണ്ടി മാത്രം 1,100 കോടി രൂപയാണ് ജാര്‍ഖണ്ഡിന് വേണ്ടിവരുന്നത്. സംസ്ഥാനത്ത് 1.57 കോടി ഗുണഭോക്താക്കളാണ് ഉള്ളത്. 12-18 വരെയുള്ള കുട്ടികളെ കൂടി വാക്‌സിന്‍ നല്‍കുന്ന പട്ടികയില്‍ പെടുത്തുകയാണെങ്കില്‍ വീണ്ടും ഒരു ആയിരം കോടി വേണ്ടിവരും- സോറന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.