ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഡല്‍ഹിയിലും മുംബൈയിലുമായി 12 ഇടങ്ങളിലായാണ് പരിശോധന നടത്തുന്നത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് തെളിവെടുപ്പ് നടക്കുന്നത്.
1993 ലാണ് നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും ചേര്‍ന്നാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. ജെറ്റ് എയര്‍വെയ്‌സിന്റെ ഭൂരിഭാഗം ഓഹരികളും നരേഷ് ഗോയലിന്റെയും ഭാര്യയുടെയും കൈവശമായിരുന്നു. 2014 ല്‍ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇത്തിഹാദ് ഓഹരികള്‍ ഏറ്റെടുത്തപ്പോള്‍ നേരിട്ടുള്ള വിദേശ വിനിമയ ചട്ട (എഫ്ഡിഐ) ലംഘനം നടന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. കടക്കെണിയെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി. ഈ വര്‍ഷം ഏപ്രില്‍ 17ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.ഇതിലൂടെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
കടക്കെണിയിലായ നരേഷ് ഗോയലിന് വിദേശത്തേക്കു പോകാനുള്ള അനുമതി കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. വിവിധ കക്ഷികള്‍ക്ക് നല്‍കാനുള്ള 8,000 കോടിരൂപ കെട്ടിവച്ചാല്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കാമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
119 വിമാനങ്ങളാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങി. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തേ തന്നെ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്.