തിരുവനന്തപുരം നഗരസഭയിലെ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ എംപിക്ക് പോലിസ് മര്‍ദ്ദനം; ആശുപത്രിയിലേക്ക് മാറ്റി

Update: 2022-11-10 09:06 GMT

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. പോലിസ് മര്‍ദ്ദനത്തില്‍ നിലത്തുവീണ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറെ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലിസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ കോര്‍പറേഷന്റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചുകൊണ്ടിരുന്ന മഹിളാ കോണ്‍ഗ്രസുകാര്‍ക്കും ശാരിരിക അസ്വാസ്ഥ്യമുണ്ടായി.

ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോര്‍പറേഷന്റെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലിസ് ഇതിനു തയ്യാറായില്ല. പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ബലം പ്രയോഗിച്ച് പുറത്തേയ്ക്ക് തള്ളിയെന്നാണ് ആരോപണം. വനിതാ പ്രവര്‍ത്തകരെ പോലിസ് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയിലാണ് പരിക്കേറ്റ് ജെബി മേത്തര്‍ എംപി നിലത്തുവീണതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആദ്യം യൂത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ഇന്ന് പ്രതിഷേധിച്ചത്.

'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ' എന്നെഴുതിയ പോസ്റ്റര്‍ പതിച്ച പെട്ടിയുമായാണ് ജെബിയെത്തിയത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലിസ് നിര്‍ദാക്ഷിണ്യം പ്രവര്‍ത്തകര്‍ക്ക് നേരേ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ്- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. കത്ത് വിവാദത്തില്‍ നാലാം ദിവസമാണ് നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധമിരമ്പിയത്.

Tags:    

Similar News