കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള സര്‍വീസ് ശൃംഖല ശക്തിപ്പെടുത്തി ജസീറ എയര്‍വേസ്. ദക്ഷിണേന്ത്യയിലെ കോഴിക്കോട്, കണ്ണൂര്‍, മംഗളുരു, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിലേക്ക് പുതുതായി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയായിരിക്കും സര്‍വീസുകള്‍ നടത്തുക. കോഴിക്കോട് സര്‍വീസ് ഏപ്രില്‍ എട്ടു മുതല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ടുതവണ നടത്തും. തിരുച്ചിറപ്പള്ളിയിലേക്കുള്ള സര്‍വീസ് ഏപ്രില്‍ ഏഴു മുതല്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും. മംഗളുരുവിലേക്കുള്ള സര്‍വീസ് ഏപ്രില്‍ ഒന്‍പത് മുതല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലായി ആരംഭിക്കും. കണ്ണൂരിലേക്കുള്ള സര്‍വീസ് ഏപ്രില്‍ 14 മുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നടത്തുക.
കമ്പനി ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 മുതല്‍ പുനരാരംഭിച്ചതിനു ശേഷം ഇതിനകം 11,000ത്തിലധികം ഇന്ത്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്തതായി സിഇഒ പശുപതി വ്യക്തമാക്കി. പുതിയ സര്‍വീസുകള്‍ ദക്ഷിണേന്ത്യയിലെ യാത്രക്കാരെ സ്വദേശങ്ങളുമായി കൂടുതല്‍ സൗകര്യപ്രദമായി ബന്ധിപ്പിക്കാനും അടിയന്തര യാത്രാ ആവശ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ജസീറ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.
ഈ വിപുലീകരണം തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള ചരക്കുഗതാഗതവും വിതരണ ശൃംഖലയും ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
