സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നത് മോശം സംസ്‌കാരമെന്ന പരാമര്‍ശം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ ജയാബച്ചന്‍

Update: 2021-03-18 11:54 GMT

ന്യൂഡല്‍ഹി: ഫാഷന്റെ പേരില്‍ സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നത് മോശം സംസ്‌കാരത്തിന്റെ ഭാഗമാണെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ പരാമര്‍ശത്തിനെതിരേ ജയാ ബച്ചന്‍. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം തന്നെ നിരാശപ്പെടുത്തിയെന്നും ജയ ബച്ചന്‍ പറഞ്ഞു. ഇത്തരം മാനസികാവസ്ഥയാണ് രാജ്യത്ത്് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വളര്‍ത്തുന്നതെന്ന് ജയ ബച്ചന്‍ പറഞ്ഞു.

ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ഇതുപോലുള്ള സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരാണ് സംസ്‌കാരസമ്പന്നരെന്നും അല്ലാത്തതെന്നും എങ്ങനെ പറയാന്‍ കഴിയും? സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭ എംപിയായ ജയ ബച്ചന്‍ പറഞ്ഞു.

സ്ത്രീകള്‍ പിഞ്ഞിയ ജീന്‍സ് ഫാഷനായി ധരിക്കുന്നത് മോശം സംസ്്കാരത്തിന്റെ ഭാഗമാണെന്നാണ് പുതുതായി സ്ഥാനമേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ പരാമര്‍ശം. ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഒരു എന്‍ജിഒ നടത്തുന്ന സ്ത്രീ പിഞ്ഞിയ ജീന്‍സുമായി എത്തിയത് കണ്ടപ്പോള്‍ താന്‍ അമ്പരുന്നുപോയെന്നും സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള സ്ത്രീകള്‍ നാട്ടിലിറങ്ങി ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ അവര്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്ക് കുടംബങ്ങളില്‍ ശരിയായ ശിക്ഷണവും സംസ്‌കാരവും പകര്‍ന്നുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ സംസ്ഥാനത്ത് കനത്ത പ്രതിഷേധംമാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ്സും ഇതിനെതിരേ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ബിജെപി അംഗീകരിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ചോദിച്ചു. ഇതാണോ മുഖ്യമന്ത്രിയുടെ സംസ്‌കാരമെന്ന് യൂത്ത് കോണ്‍ഗ്രസ് ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News