ബിജെപി വിരുദ്ധ വികാരവുമായി ജാട്ട് മഹാപഞ്ചായത്തുകള്‍: കര്‍ഷക സമരത്തിനു നേരെ നടത്തിയ അക്രമം തിരിച്ചടിയാകുന്നു

ഹരിയാനയില്‍ ജാട്ട് ഭൂരിപക്ഷമുള്ള ജെജെപിക്കും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്കും കര്‍ഷക സമരത്തിന്റെ പേരില്‍ ഭരണത്തില്‍നിന്നു പിന്മാറാന്‍ വലിയ സമ്മര്‍ദമാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്

Update: 2021-02-01 06:29 GMT
ന്യൂഡല്‍ഹി: നാട്ടുകാര്‍ എന്ന പേരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ അതിക്രമം അഴിച്ചുവിട്ട സംഘപരിവാറിന്റെ കുബുദ്ധി അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. സമരക്കാര്‍ക്കു നേരെ നടത്തിയ അതിക്രമങ്ങളും സമര കേന്ദ്രങ്ങളില്‍ വൈദ്യുതി വിഛേദിച്ചതുമുള്‍പ്പടെയുള്ള ബിജെപിയുടെ പ്രതികാര നടപടികള്‍ പാര്‍ട്ടിയുടെ വോട്ടുബാങ്ക് തന്നെ നഷ്ടപ്പെടുന്ന തിരിച്ചടികളാണ് നല്‍കുന്നത്.


ഗാസിപ്പുരില്‍ കര്‍ഷകരെ ഒഴിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ നടപടിയാരംഭിച്ചപ്പോള്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് സൗമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ണീരൊഴുക്കി നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന് പതിനായിരക്കണക്കിനു ജാട്ടുകളാണ് സമരവേദിയിലേക്ക് എത്തിയത്. രാകേഷ് ടികായത്തിന്റെ ആഹ്വാനമേറ്റെടുത്ത് അടുത്ത ദിവസം യുപിയിലെ മുസഫര്‍പുരില്‍ ഒത്തുചേരാന്‍ മുന്‍കയ്യെടുത്തത് ജാട്ടുകളാണ്. രാകേഷിന്റെ സഹോദരന്‍ നരേഷ് ടികായത്ത് ആണു യോഗം നിയന്ത്രിച്ചത്. സമരത്തിനു യോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഹരിയാനയില്‍ നിന്നുള്ള ജാട്ട് കര്‍ഷകരും മുസഫര്‍പുരിലെ സമ്മേളനത്തിനെത്തിയിരുന്നു. ആയിരക്കണക്കിനു ജാട്ട് കര്‍ഷകരാണ് ഇപ്പോഴും സമരവേദിയിലേക്ക് എത്തുന്നത്.


ഹരിയാനയില്‍ ജനനായക് ജനതാപാര്‍ട്ടിയുടെ (ജെജെപി) സഹായത്തോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തുന്നത്. ജാട്ട് ഭൂരിപക്ഷമുള്ള ജെജെപിക്കും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്കും കര്‍ഷക സമരത്തിന്റെ പേരില്‍ ഭരണത്തില്‍നിന്നു പിന്മാറാന്‍ വലിയ സമ്മര്‍ദമാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. കര്‍ഷക സംഘടനകള്‍ ഔദ്യോഗികമായി തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഐഎന്‍എല്‍ഡി നേതാവായ ദുഷ്യന്തിന്റെ അമ്മാവന്‍ അഭയ്‌സിങ് ചൗട്ടാല എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം ഗാസിപ്പുര്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. കര്‍ഷക സമരവും കേന്ദ്രത്തിന്റെ നടപടികളും ഹരിയാനയിലെ ഭരണത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.


കര്‍ഷക സമരക്കാരെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് ഒഴിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നടത്തിയ പ്രതികാര നടപടികള്‍ക്കെതിരില്‍ ഗ്രാമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നു. ഉത്തരേന്ത്യയിലെ ബിജെപിയുടെ വോട്ടുബാങ്കിലുള്ള പ്രബല വിഭാഗമായ ജാട്ടുകളില്‍ എതിര്‍വികാരമുണ്ടാകുന്നത് ബിജെപിക്ക് വലിയ നഷ്ടമാണ് വരുത്തുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഠാക്കൂര്‍ ചായ്‌വില്‍ പൊതുവെ അസ്വസ്ഥരായ ജാട്ടുകള്‍ പുതിയ സംഭവങ്ങളോടെ പാര്‍ട്ടിയില്‍ നിന്നും അകലുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.


ഇതിനെക്കാളേറെ ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ് കര്‍ഷക സമരത്തിന്റെ പേരില്‍ വളര്‍ന്നുവരുന്ന സിഖ്, ജാട്ട് സൗഹൃദം. ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ജാട്ടുകള്‍ സിഖ്കാര്‍ക്കൊപ്പം ചേര്‍ന്ന് പുതിയ രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിക്കപ്പെട്ടാല്‍ അത് ഏറ്റവുമധികം ദോഷം ചെയ്യുക ബിജെപിയെ ആകും. കര്‍ഷകപ്രക്ഷോഭം വിജയിപ്പിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും ജാട്ട് മഹാപഞ്ചായത്തുകള്‍ നടക്കുന്നുണ്ട്. പടിഞ്ഞാറന്‍ യു.പി.യിലെ ഭാഗ്പഥില്‍ ഞായറാഴ്ച്ച ചേര്‍ന്ന സര്‍വ ഖാപ്പ് പഞ്ചായത്തില്‍ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഇതിനു പുറമെ പടിഞ്ഞാറന്‍ യു.പി.യിലെ മുസാഫര്‍നഗറില്‍ വെള്ളിയാഴ്ചയും മഥുരയില്‍ ശനിയാഴ്ചയും മഹാപഞ്ചായത്തുകള്‍ ചേര്‍ന്നിരുന്നു. ഡല്‍ഹിയു.പി. അതിര്‍ത്തിയിലെ കര്‍ഷകസമരം ശക്തമാക്കാനാണ് ജാട്ട് മഹാപഞ്ചായത്തുകളുടെ തീരുമാനം.