ജാസ്ലിയയുടെ മരണം; പ്രതി ഡോ. സിറിയക് കസ്റ്റഡിയില്‍

Update: 2026-03-06 06:58 GMT

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോ. സിറിയക് ജോര്‍ജ് കസ്റ്റഡിയില്‍. വാഗമണിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്.

അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ് ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജങ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലിസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു രംഗത്തു വന്നിരുന്നു. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിക്കും കൈമാറി. പഠനത്തോടൊപ്പം സ്പോര്‍ട്‌സില്‍ യുണിവേഴ്‌സിറ്റി തലത്തില്‍ നിരവധി മെഡലുകള്‍ നേടിയ പ്രതിഭയായിരുന്നു ജാസ്‌ലിയ.

Tags: