യുപിയില്‍ ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജെഇ) പടര്‍ന്നുപിടിക്കുന്നു, റിപോര്‍ട്ട്
ലഖ്‌നോ: യുപിയില്‍ ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജെഇ) ഭീഷണി. ഇസ് ലാംനഗറിലും ഉദ്രയിലും ബറേലിയിലെ ദാംഖോഡ ബ്ലോക്കിലെ ചുറ്റുമുള്ള ഗ്രാമങ്ങളിലുമാണ് രോഗം ഭീഷണി പരത്തുന്നത്. സെപ്റ്റംബറില്‍ രോഗം സ്ഥിരീകരിച്ച കുട്ടിക്ക് പക്ഷാഘാതം വന്നുവെന്നും സൂചനയുണ്ട്. ഇതിനെത്തുടര്‍ന്ന്, മൃഗസംരക്ഷണ വകുപ്പ് പ്രദേശത്തെ പന്നികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഐവിആര്‍ഐയിലേക്ക് അയച്ചു. 90ശതമാനം പന്നികളിലും രോഗബാധ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്, ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ് ലാംനഗറില്‍ നിന്നുള്ള ഒരു കുട്ടിക്ക് ജെഇ ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അണുബാധയുടെ കാരണം അന്വേഷിക്കാന്‍ ഡിവിഷണല്‍, ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥര്‍, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി) സംഘങ്ങള്‍ എന്നിവര്‍ ഗ്രാമത്തിലെത്തി. പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു.
ക്യൂലക്‌സിലെ ട്രൈറ്റേനിയര്‍ഹൈഞ്ചസ്, വിസ്‌നുയി, ഗെലിഡസ് തുടങ്ങിയ ഇനം കൊതുകുകളാണ് വൈറസ് പടര്‍ത്തുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ജെഇ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്, പ്രത്യേകിച്ച് പന്നികളെ വളര്‍ത്തുന്നിടത്തോ നെല്‍വയലുകള്‍ വെള്ളത്തിനടിയിലാകുന്നിടത്തോ ഇവ വളരുന്നു.
പന്നികളാണ് ജെഇ വൈറസിന്റെ വാഹകരായി കണക്കാക്കപ്പെടുന്നത്. പന്നിക്കൂടുകള്‍ വൃത്തിയായി സൂക്ഷിക്കുക. കുമ്മായം തളിക്കുക. പന്നി ചത്താല്‍ നിയമങ്ങള്‍ അനുസരിച്ച് സംസ്‌കരിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കി.
ജാപ്പനീസ് എന്‍സെഫലൈറ്റിസ്
കൊതുകുകള്‍ പരത്തുന്ന ഒരു തരം വൈറല്‍ മസ്തിഷ്‌ക അണുബാധയാണ് ജാപ്പനീസ് എന്‍സെഫലൈറ്റിസ്. ഇത് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. വൈറസ് തലച്ചോറിലെ ഞരമ്പുകളെ ബാധിക്കുന്നു. ഉയര്‍ന്ന പനി, തലവേദന, ഛര്‍ദ്ദി, അബോധാവസ്ഥ, അപസ്മാരം, ആശയക്കുഴപ്പം, പെരുമാറ്റത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചില കേസുകളില്‍, പക്ഷാഘാതം, കോമ എന്നിവയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

