കുന്നംകുളത്തിന്റെ ജനകീയ മുഖമായി വി എസ് അബൂബക്കര്‍; ബദല്‍ രാഷ്ട്രീയത്തിന് കരുത്ത് പകരണമെന്ന് എസ്ഡിപിഐ

ബിജെപി ഭരണകൂടം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജില്ലയില്‍ ജനങ്ങളെ സംഘടിപ്പിക്കാനും മഹല്ലുകളും പ്രധാന ടൗണുകളും കേന്ദ്രീകരിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

Update: 2021-03-24 15:06 GMT

കുന്നംകുളം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കെ കുന്നംകുളം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എസ് അബൂബക്കര്‍ മണ്ഡലത്തിന്റെ ജനകീയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ തന്നെ മണ്ഡലത്തില്‍ സജീവമായ വി എസ് അബൂബക്കര്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ പോലും പിന്നിലാക്കി മുന്നേറുകയാണ്. പൗരത്വ സമരങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും കൗണ്‍സിലിങ് രംഗത്തും സജീവമായിരുന്ന അബൂബക്കറിനെ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ സ്വീകരിച്ചുകഴിഞ്ഞു.


കുന്നംകുളം മണ്ഡലത്തിലെ മരത്തംകോട് സ്വദേശിയായ വി എസ് അബൂബക്കര്‍ വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമായി വ്യക്തിയാണ്. പോപുലര്‍ഫ്രണ്ട് തൃശൂര്‍ ജില്ലാ പ്രസിഡന്റ്, എസ്ഡിപിഐ കുന്നംകുളം മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിന് അധീതമായി വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും,സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.

മരത്തംകോട് ഗവ. ഹൈസ്‌കൂള്‍, ന്യൂമാന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കല്ലുംപുറം സ്‌കൂളില്‍ അറബിക് അധ്യാപകനായും പ്രദേശത്ത് രണ്ട് മദ്‌റസകളില്‍ അധ്യാപകനായും സേവനം അനുഷ്ടിച്ച അബൂബക്കര്‍ പ്രദേശത്തെ സാംസ്‌കാരിക ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അധ്യാപന ജോലിക്കിടെ തേജസ് ദിനപത്രത്തിന്റെ തുടക്കകാലം മുതല്‍ തൃശൂര്‍ ജില്ലാ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിച്ചു.

പ്രദേശത്തെ കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഫുട്‌ബോള്‍ ടീമിലും ക്ലബ്ബുകളിലും സജീവമായ വി എസ് അബൂബക്കര്‍ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വപരമായ പങ്കുവഹിച്ചു. പ്രളയം സംസ്ഥാനത്ത് ദുരന്തം വിതച്ച ഘട്ടത്തില്‍ വളണ്ടിയര്‍മാരെ വിവിധ മേഖലകളിലേക്ക് എത്തിക്കുന്നതിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നലും മാതൃകാപരമായ പങ്കുവഹിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ രോഗികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും സഹായങ്ങളെത്തിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

പാലിയേക്കര ടോള്‍ പ്ലാസ സമരം, യുഎപിഎ വിരുദ്ധ പ്രക്ഷോഭം, ജില്ലയിലെ ആദിവാസി, ദലിത് ഭൂസമരങ്ങള്‍ എന്നിവയിലും നേതൃത്വ പരമായ പങ്കുവഹിച്ചു. ബിജെപി ഭരണകൂടം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജില്ലയില്‍ ജനങ്ങളെ സംഘടിപ്പിക്കാനും മഹല്ലുകളും പ്രധാന ടൗണുകളും കേന്ദ്രീകരിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

പൗരത്വ നിയമത്തിനെതിരേ എസ്ഡിപിഐ നടത്തിയ സമരങ്ങളിലും പാര്‍ട്ടിയെ കുന്നംകുളം മേഖലയില്‍ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ വിജയിക്കുകയും വിവിധ വാര്‍ഡുകളില്‍ നിര്‍ണായകമായ സ്വാധീനമാവാനും എസ്ഡിപിഐക്ക് സാധിച്ചു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്ഡിപിഐക്കും വി എസ് അബൂബക്കറിനും ഹൃദ്യമായ സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. ബദല്‍ രാഷ്ട്രീയത്തിന് കരുത്ത് പകരാന്‍ വി എസ് അബൂബക്കറിന് കത്രിക ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Tags: