ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ്

Update: 2021-06-22 17:26 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാണ് പാര്‍ട്ടിയുടെ മുന്‍ഗണനയെന്നും കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ജമ്മു കശ്മീര്‍ സംസ്ഥാന വക്താവ് രവീന്ദര്‍ ശര്‍മ യോഗത്തിനെത്തിയിരുന്നു. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ കരന്‍ സിങ്, പി ചിദംബരം, ഗുലാം നബി ആസാദ്, താരിഖ് ഹമീദ് കാര തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍. 

കശ്മീരിന് പൂര്‍ണ സംസ്ഥാന പദവിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുകയെന്ന് കോണ്‍ഗ്രസ് നേതാവ് ജി എ മിര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ 14 മുഖ്യധാരാ പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി മേധാവികളെ ആഭ്യന്തര സെക്രട്ടറി നേരിട്ടാണ് ബന്ധപ്പെട്ടത്. പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്ത്ര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്റെ അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.