ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ല് രാജ്യസഭയില്‍: ജമ്മു കശ്മീരിന് സംസ്ഥാനപദവി വേണമെന്ന് ഗുലാം നബി ആസാദ്

Update: 2021-02-08 13:50 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി വേണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിന് ഇപ്പോഴുള്ള കേന്ദ്ര ഭരണപ്രദേശമെന്ന പദവിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ല്, 2021മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവുകൂടിയായ ഗുലാനം നബി ആസാദ്. ഗോവ, അരുണാചല്‍ പ്രദേശ്, മിസോറാം, കേന്ദ്ര ഭരണപ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സര്‍വീസുകള്‍ ജമ്മുകശ്മീര്‍ സര്‍വീസുമായി സംയോജിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ല് കൊണ്ടുവന്നിരിക്കുന്നത്.

കേന്ദ്ര ഭരണപ്രദേശമായത് ജമ്മുവിന്റെ അവസ്ഥയെ മോശമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുവിലെ പ്രദേശങ്ങളില്‍ കൂടുതലും കാടും മലകളുമാണെന്നും താമസയോഗ്യമായപ്രദേശം കുറവാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശമായാല്‍ ജമ്മുവില്‍ ഭൂമി വാങ്ങാമെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടെന്നും എന്നാല്‍ തനിക്ക് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം നഗരങ്ങളില്‍ ഒരേക്കറിന് 40-50 കോടി വരെയാണ് വില.

ജമ്മു കശ്മീരിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതോടെ തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിച്ചു. കൊവിഡ് പ്രതിസന്ധികൂടിയായതോടെ ടൂറിസം സാധ്യതകള്‍ ഇടിഞ്ഞു. തൊഴിലില്ലായ്മ വര്‍ധിക്കാന്‍ ഇതും കാരണമായി. ജമ്മുവിലെ 60 ശതമാനം വ്യവസായസ്ഥാപനങ്ങളും അടച്ചുപൂട്ടി. അനുച്ഛേദം 370 എടുത്തുകളയുന്നതിനു മുമ്പത്തേക്കാള്‍ സ്ഥിതിഗതികള്‍ മോശമായി- അദ്ദേഹം പറഞ്ഞു.

Tags:    

Similar News