ഇസ്‌ലാം ഇന്ത്യയിലെത്തിയത് അക്രമികളായല്ല, അറബ് മുസ്‌ലിം വ്യാപാരികളിലൂടെയെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍

Update: 2021-09-18 15:21 GMT

സദാപൂര്‍: ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് ഏതെങ്കിലും രൂപത്തിലുളള സമ്മര്‍ദ്ദങ്ങളുടെയോ അക്രമത്തിന്റെയോ ഫലമായിട്ടല്ലെന്നും വ്യാപാരാര്‍ത്ഥം വന്ന അറബ് മുസ്‌ലിം കച്ചവടക്കാരുടെ മാനവികശൈലികളില്‍ ആകൃഷ്ടരായി ജനങ്ങള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നുവെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി. 

കര്‍ണാടകയിലെ മൈസൂരിനടുത്തുള്ള കുടക് ജില്ലയിലെ സദാപൂരില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമുസ്‌ലിംകള്‍ ഉള്‍പ്പെടെ 2019ലെ മഹാപ്രളയത്തില്‍ ഭവനരഹിതരായ 30 പേരില്‍ 16 പേര്‍ക്ക് ജംഇയ്യത്ത് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ മൗലാനാ കൈമാറി. കേവലം നൂറോ ഇരുനൂറോ വര്‍ഷത്തെ പാരമ്പര്യമല്ല, പതിമൂന്ന് നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. ഇന്ത്യയും അറേബ്യയും തമ്മില്‍ ഇസ്‌ലാം വരുന്നതിനുമുമ്പ് തന്നെ വാണിജ്യ ബന്ധമുണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം ചില മുസ്‌ലിം വ്യാപാരികള്‍ അറേബ്യയില്‍ നിന്നും കടല്‍ മാര്‍ഗം കേരളത്തിലേക്ക് വരികയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. സൈന്യമോ അധികാരമോ കൈവശമില്ലാത്തവര്‍. അവരുടെ ഉന്നതമായ സ്വഭാവവും ധാര്‍മ്മികതയും പ്രദേശവാസികളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. ഇസ്‌ലാം സ്വീകരിച്ച കേരളത്തിലെ ചില രാജാക്കന്മാരെ കുറിച്ച് ചരിത്രപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രഥമവും പുരാതനവുമായ മസ്ജിദ് ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു, മുഹമ്മദ് ബിന്‍ ഖാസിമിന്റെ സംഭവം വളരെക്കാലത്തിന് ശേഷമാണെന്ന് മൗലാനാ മദനി ഓര്‍മ്മിപ്പിച്ചു. സിന്ധിലെ ദാഹിര്‍ രാജാവിന്റെ പരാജയത്തിനു ശേഷം, മുഹമ്മദ് ഇബ്‌നു ഖാസിമിനോട് അഭയം തേടിയ ആളുകള്‍ക്ക് അദ്ദേഹം മാനുഷിക പരിഗണനയില്‍ അഭയം നല്‍കുകയായിരുന്നു. സ്വാഭാവികമായും മുസ്‌ലിംകള്‍ അവരോട് പുലര്‍ത്തിയ മനോഹരമായ പെരുമാറ്റരീതി അവരെ ഇസ്‌ലാമിലേക്ക് ആനയിക്കുകയായിരുന്നു. ബലപ്രയോഗവും സമ്മര്‍ദ്ദങ്ങളും മൂലമുള്ള മതംമാറ്റം ചരിത്രപിന്‍ബലമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സദാപൂരില്‍ കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയുടെ അതേ ഘട്ടത്തില്‍ തന്നെ പ്രളയം നാശം വിതച്ചിരുന്നു. കേരളത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തിയായി. പക്ഷേ, സദാപൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില കാലവിളംബം നേരിട്ടതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും കാലതാമസം നേരിട്ടു. കൊവിഡിന്റെ സ്തംഭനാവസ്ഥയും ഒരു കാരണമാണ്. ജംഇയ്യത്തിന്റെ കര്‍ണ്ണാടക ഘടകവും ഇവിടെയുളള മുസ്‌ലിം സഹോദരങ്ങളും കൂട്ടായി യത്‌നിച്ചപ്പോള്‍ അസാധ്യമെന്ന് കരുതിയ കടമ്പകള്‍ നിഷ്പ്രയാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ഓര്‍മിച്ചു.

Tags: