തനിക്കുവേണ്ടി ആശുപത്രിക്കിടക്ക ലഭിക്കുമോയെന്ന് ആരാഞ്ഞ് ട്വീറ്റ് ചെയ്ത ജാമിഅ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു
ഡല്‍ഹി: കൊവിഡ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തനിക്കുവേണ്ടി ആശുപത്രിക്കിടക്ക ലഭ്യമാണോ എന്നാരാഞ്ഞ് ട്വീറ്റ് ചെയ്ത ജാമിഅ മില്ലിയ ഇസ് ലാമിയ്യ അസിസ്റ്റന്റ് പ്രഫസര്‍ മരിച്ചു. ഫരീദാബാദിലെ ആശുപത്രിയിലാണ് 38കാരിയായ ഡോ. നബില സാദിഖ് മരിച്ചത്.
ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡി നേടിയ ഡോ. നബില സാദിഖ് ഏപ്രില്‍ 30 വരെ കുട്ടികളുടെ ഗവേഷണപ്രബന്ധങ്ങളുടെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
നബില മരിക്കുന്നതിന് തൊട്ട് രണ്ട് ദിവസം മുമ്പ് മാതാവ് നുസാത്ത്(76) കൊവിഡ് രോഗം ബാധിച്ചുതന്നെ മരിച്ചിരുന്നു. പിതാവിനും രോഗം ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
മാതാവ് മരിച്ച വിവരം ഡോ. നബില അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കളുടെ ഭാവിയെക്കുറിച്ചുളള വേദനയോടെയാണ് അവര്‍ മരിച്ചതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
രോഗം ഈ നിലയില്‍ പോവുകയാണെങ്കില്‍ ഒരാള്‍പോലും ഡല്‍ഹിയില്‍ ബാക്കിയാവുകയില്ലെന്നായിരുന്നു അവരുടെ മെയ് 2ലെ അവസാന ട്വീറ്റ്.
ഡോ. നബിലയുടെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിക്കിടക്കയ്ക്കുവേണ്ടി ശ്രമിച്ചെങ്കിലും ആദ്യം ലഭിച്ചില്ല. പിന്നീട് അല്‍ഷിഫ ആശുപത്രിയില്‍ ഒന്നു ലഭിച്ചു. അതിനിടയിലാണ് മാതാവിന് രോഗം പിടികൂടിയത്.
രോഗത്തിന്റെ ഒരു ഘട്ടത്തില്‍ അവരുടെ ഓക്‌സിജന്‍ അളവ് 32 ശതമാനമായി കുറഞ്ഞിരുന്നു. ശ്വാസകോശം തര്‍ന്ന നിലയിലായിരുന്നു.
നബിലയുടെ പിതാവ് സാദിഖ് അലിഗഢിലും ജെഎന്‍യുവിലും അധ്യാപകനായിരുന്നു.
