ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ജം ഇയ്യത്ത് ഉലമാ എ ഹിന്ദ്

Update: 2021-11-03 00:52 GMT

കോഴിക്കോട്: അടുത്തിടെ സംസ്ഥാനത്തുണ്ടായ പ്രകൃതി ക്ഷോഭം മഹാദുരന്തമായി പരിണമിക്കുകയും 46 മനുഷ്യജീവനുകള്‍ നഷ്ടമാവുകയും ഒട്ടേറെപ്പേര്‍ ഭവനരഹിതരാവുകയും കാര്‍ഷികമേഖല വന്‍ തകര്‍ച്ച നേരിടുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ജം ഇയ്യത്ത് ഉലമാ എ ഹിന്ദ്.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുക്കിയ താല്‍ക്കാലിക സൗകര്യങ്ങള്‍ ഏറെ ആശ്വാസകരമായിരുന്നു. ക്യാമ്പുകള്‍ ആദ്യമേ സന്ദര്‍ശിച്ച ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് പ്രതിനിധികള്‍ ദുരന്തബാധിതരുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞ് തങ്ങളാലാകുന്ന ആശ്വാസ നടപടികള്‍ക്ക് തുടക്കമിടുകയുണ്ടായി. എന്നാല്‍ ഇപ്പോഴും ഒട്ടേറെ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുകയാണ്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന് വാസയോഗ്യമല്ലാതായ വീടുകളിലേക്ക് മടങ്ങുവാന്‍ പല കുടംബങ്ങള്‍ക്കും സാധ്യമായിട്ടില്ല. സര്‍ക്കാരും സന്നദ്ധ സംഘടനകളും കൈകോര്‍ത്ത് ഫലപ്രദമായ പുനരധിവാസ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുകയാണ് ഒരേയൊരു പരിഹാരം. ദുരന്തത്തിന്റെ വ്യാപ്തി സന്നദ്ധ സംഘടനകള്‍ക്ക് മാത്രം കൈകാര്യം ചെയ്യാവുന്നതിനും എത്രയോ അധികമാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങേണ്ടത്. അടിയന്തരമായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

പുനരധിവാസത്തിന് ഗവണ്‍മെന്റ് നടത്തുന്ന എല്ലാ പ്രവര്‍നങ്ങളോടും സഹകരിക്കുന്നതോടൊപ്പം ഏതാനും വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കൂടി ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സന്നദ്ധമാണെന്നും നേതാക്കള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സംസ്ഥാന നേതാക്കളായ അബ്ദുശ്ശകൂര്‍ ഖാസിമി ,ഹാഷിം ഹദ്ദാദ് തങ്ങള്‍ ,വി.എച്ച് അലിയാര്‍ ഖാസിമി, ഷംസുദ്ദീന്‍ ഖാസിമി, അബ്ദുല്‍ സലാം ഹുസ്‌നി, ഷിഫാര്‍ കൗസരി, ഷറഫുദ്ദീന്‍ അസ് ലമി യൂസുഫ് കൗസരി , അബ്ദുല്‍ റഷീദ് കൗസരി, നവാസ് ബഷീര്‍ അസ്ലമി എന്നിവര്‍ പങ്കെടുത്തു. 

Tags: