ജലജീവൻ മിഷൻ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം

Update: 2020-10-08 15:32 GMT

പയ്യോളി : ജലജീവൻ മിഷൻ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വീഡിയോ കോൺഫ്രൻസ് വഴി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. തുറയൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് കെ എം ശോഭ അധ്യക്ഷത വഹിച്ചു. 2024 മാർച്ച് മാസത്തോടെ രാജ്യത്തെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജല കണക്ഷനുകൾ നൽകുന്ന ജല ജീവൻ പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഗ്രാമപഞ്ചായത്തുകളുടേയും ഗുണഭോക്താക്കളുടേയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 42 പഞ്ചായത്തുകളിലായി 138 625 കണക്ഷനുകൾ നൽകും. നിലവിലുള്ള പദ്ധതികളിൽ നിന്നും പൂർത്തീകരിച്ചു വരുന്ന പദ്ധതികളിൽ നിന്നു മായാണ് ഈ കണക്ഷനു കൾ നൽകുക. ആകെ 318.78 കോടി രൂപ ചെലവിൽ 10 1659 ഗാർഹിക കണക്ഷനുകൾ നൽകുന്നതിനായി ഭരണാനുമതി നൽകിയിട്ടുണ്ട്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ആകെയുള്ള 10 ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം ഘട്ടത്തിൽ തുറയൂർ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലായി 14244 കണക്ഷനുകൾ 4798 ലക്ഷം രൂപ ചിലവിൽ നൽകാനുള്ള പ്രവൃത്തിക്കാണ് ഇപ്പോൾ തുടക്കം കുറിച്ചത്. ചടങ്ങിൽ കെ മുരളീധരൻ എം പി മുഖ്യാതിഥിയായി . കേരള വാട്ടർ അതോറിറ്റി സുപ്രണ്ട് ഇഞ്ചിനിയർ പി ഗിരീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിന്ധു വട്ടക്കണ്ടി സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.