അതിര്‍ത്തിയിലെ സംഘര്‍ഷം: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Update: 2020-06-17 13:16 GMT

ന്യൂഡല്‍ഹി: ലഡാക്കിലെ സ്ഥിതിഗതികളെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ ചൈനീസ് സേനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തത്. ടെലഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ ചൈനീസ് അതിര്‍ത്തിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായത്.

സംഘര്‍ഷങ്ങളില്‍ ഒരു കേണല്‍ അടക്കം 20 സൈനികര്‍ മരിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ചൈനീസ് ഭാഗത്ത് 43 പേര്‍ മരിച്ചതായി ഇതേ റിപോര്‍ട്ട് പറയുന്നു. ചൈനീസ് സൈന്യത്തിലെ കമാന്റിങ് ഓഫിസറും കൊല്ലപ്പെട്ടിട്ടുണ്ട്.

അയല്‍രാജ്യമായ ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷങ്ങളില്‍ താല്പര്യമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് സാവോ ലിജിയന്‍ അഭിപ്രായപ്പെട്ടിരുന്നു. നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ 'ശരിയായ നിയന്ത്രണരേഖ'യിലാണ് സംഘര്‍ഷം നടന്നതെന്നതുകൊണ്ട് ചൈനയെ കുറ്റപ്പെടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം ജൂണ്‍ 14,15 ദിവസങ്ങളിലായാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നിലവിലുള്ള അവസ്ഥ ഏകപക്ഷീയമായി ലംഘിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഭാഗത്തും ധാരാളം നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടായിട്ടുണ്ട്. സൈനിക, നയതന്ത്ര തലത്തിലെല്ലാം പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News