ജഹാംഗീര്‍പുരി: തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി; മേയര്‍ക്ക് നോട്ടിസ് അയക്കും, രണ്ടാഴ്ചയ്ക്കു ശേഷം വാദം തുടരും

Update: 2022-04-21 06:44 GMT

ന്യൂഡല്‍ഹി: അനധികൃത നിര്‍മാണം ആരോപിച്ച് മുസ് ലിം വീടുകളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി ഇടിച്ചുതകര്‍ക്കുന്നതിനെതിരേ നല്‍കിയ ഹരജികള്‍ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും കേള്‍ക്കുമെന്ന് സുപ്രിംകോടതി.

ജസ്റ്റിസ് എല്‍ എന്‍ റാവു, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട കോര്‍പറേഷന്‍ മേയര്‍ക്ക് നോട്ടിസ് അയക്കും. ഹരജിക്കാര്‍ക്കും നോട്ടിസ് അയക്കും. അതുവരെ തല്‍സ്ഥിതി തുടരുമെന്നും കോടതി പറഞ്ഞു.

ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ഹിന്ദുത്വര്‍ ജഹാംഗീര്‍പുരിയിലെ മുസ് ലിംകള്‍ക്കും പള്ളികള്‍ക്കും എതിരേ ആക്രമണം നടത്തി തൊട്ടടുത്ത ദിവസമാണ് അനധികൃതമായി വീടുകളും സ്ഥാപനങ്ങളും പോലിസ് തകര്‍ത്തത്. തകര്‍ക്കപ്പെട്ടതില്‍ ഒരു പള്ളിയുടെ കവാടവും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം മുസ് ലിം സംഘടന നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടെങ്കിലും പൊളിക്കാന്‍ നേതൃത്വം നല്‍കിയ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ അനുസരിച്ചില്ല. ഉത്തരവ് കയ്യില്‍ കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. വീണ്ടും സുപ്രിംകോടതി ഇടപെട്ടതോടെയാണ് താല്‍ക്കാലികമായി പൊളിക്കല്‍ നിര്‍ത്തിവച്ചത്.

ജമാഅത്ത് ഉലമയെ ഹിന്ദ് ആണ് ഹരജി സമര്‍പ്പിച്ചത്. കബില്‍ സിബല്‍, ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായത്. 

Tags:    

Similar News