ജഹാന്‍ഗിര്‍പുരി സംഘര്‍ഷം: അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസില്‍ വെള്ളം ചേര്‍ത്ത് ഡല്‍ഹി പോലിസ്; അറസ്റ്റ് ചെയ്തയാളെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു

Update: 2022-04-19 01:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കെതിരേ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് ഡല്‍ഹി പോലിസിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്നു. അനുവാദമില്ലാതെ റാലി സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ സമരപരിപാടിയുമായി വിശ്വഹിന്ദുപരിഷത്ത് രംഗത്തുവന്നത്. ഇതുസംബന്ധിച്ച് അറസ്റ്റിലായ പ്രേംശര്‍മ പ്രാദേശിക വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനാണ്.

വിശ്വഹിന്ദുപരിഷത്തിന്റെ പ്രതിഷേധം പുറത്തുവന്ന ഉടന്‍ പോലിസ് ഇയാള്‍ക്കെതിരേയുള്ള വകുപ്പുകള്‍ ലഘൂകരിച്ച് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

പുതിയ പോലിസ് എഫ്‌ഐആറില്‍ വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗദള്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ബജ്‌റംഗദളാണ് പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ പരിപാടിക്ക് അനുമതി തേടിയിരുന്നില്ലെന്നുമാത്രമല്ല, നേരത്തെ തീരുമാനിച്ച റൂട്ടില്‍നിന്ന് മാറി മോസ്‌കിനുമുന്നിലേക്ക് റാലി മാറ്റുകയുമായിരുന്നു.

അനുമതിയില്ലാതെ റാലി നടത്തിയതിന് സംഘാടകര്‍ക്കെതിരേ കേസെടുക്കുമെന്നായിരുന്നു നേരത്തെ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡിസിപി ഉഷ രംഗ്നാനി പറഞ്ഞിരുന്നത്. അതാണ് ഇപ്പോള്‍ തിരുത്തിയത്. 

'വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രവര്‍ത്തകരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. അവര്‍ (പോലിസ്) വലിയ മണ്ടത്തരമാണ് കാണിക്കുന്നത്''- വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.

അനുമതിയില്ലാതെയാണ് റാലി നടത്തിയതെന്ന പോലിസ് വാദത്തെ അദ്ദേഹം തള്ളുകയും പോലിസ് ജിഹാദികള്‍ക്കുമുന്നില്‍ അടിയറവ് പറയുകയാണെന്നും ആരോപിച്ചു.

പള്ളിക്കുമുന്നിലൂടെ പോയ റാലിയില്‍ പങ്കെടുത്തവര്‍ പള്ളിക്കെതിരേ ആക്രമണം നടത്തുകയായിരുന്നു. ചിലര്‍ കാവിക്കൊടി പളളിക്കുമുകളില്‍ കെട്ടുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്ത 23 പേരും ആക്രമണത്തിനു വിധേയരായ മുസ് ലിംകളാണ്. ആക്രമണം നടത്തിയ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags: