കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു സായുധന്‍ കൂടി കൊല്ലപ്പെട്ടു

Update: 2022-06-20 03:50 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൂടി കൊല്ലപ്പെട്ടു. കശ്മീരിലെ പുല്‍വാമ ചാത്‌പോര മേഖലയിലാണ് അര്‍ധരാത്രി ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കുപ്‌വാര, പുല്‍വാമ, കുല്‍ഗാം എന്നിവിടങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് സായുധരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ പോലിസ് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും താഴ്‌വരയില്‍ സമാധാനം സ്ഥാപിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങളെ തടയാന്‍ സായുധരെ അനുവദിക്കില്ലെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. സായുധരുടെ ഒളിത്താവളങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന സായുധര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് തിരിച്ചടിയായി സൈനികര്‍ നടത്തിയ ആക്രമണത്തിലാണ് നാല് സായുധര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സായുധരില്‍ ഒരാള്‍ ലഷ്‌കര്‍ സംഘടനയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞതായി കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് വിജയ് കുമാര്‍ പറഞ്ഞു.

Tags:    

Similar News