ഒരു വ്യക്തിക്കെതിരെയല്ല, ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്; അക്രമത്തെ അപലപിക്കുന്നവെന്നും എസ്എഫ്‌ഐ

ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നത്

Update: 2022-06-25 06:31 GMT

തിരുവനന്തപുരം: വയനാട്ടില്‍ നടന്നത് ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണെന്ന് എസ് എഫ് ഐ ദേശീയാധ്യക്ഷന്‍ വിപി സാനു. അത് സ്വാഭാവികമാണ്. മാര്‍ച്ച് എസ്എഫ്‌ഐ തീരുമാനിച്ചതല്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്നും വി പി സാനു പറഞ്ഞു.

എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയോ അനുവാദത്തോടെയോ അല്ല മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രിയും മാധ്യമങ്ങളോട് പറഞ്ഞു. പൊതുവിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് അക്രമാസക്തമായത് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. അക്രമത്തെ അപലപിക്കുന്നു. പരിശോധിച്ച് തെളിയുന്ന ഘട്ടത്തില്‍ നടപടി സ്വീകരിക്കുമെന്നും അനുശ്രി പറഞ്ഞു.

എന്നാല്‍ എസ്എഫ്‌ഐ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം. ആക്രമണത്തെ സിപിഎം നേതൃത്വം തള്ളി പറയുന്നതിലല്ല കാര്യം, മറിച്ച് ഇത് ചെയ്ത എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞത്. 

Tags:    

Similar News