മുസ് ലിംകളെ കൊല്ലാന്‍ സെര്‍ബിയന്‍ ആര്‍മിക്കൊപ്പം ഇറ്റാലിയന്‍ പൗരന്മാര്‍ പങ്കെടുത്തതായുള്ള ആരോപണം; 30 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം
റോം: 1992-95 ലെ വംശഹത്യയില്‍ ബോസ്‌നിയയിലെ സാധാരണക്കാരെ, പ്രത്യേകിച്ച് മുസ് ലിംകളെ കൊല്ലാന്‍ സെര്‍ബിയന്‍ ആര്‍മിക്കൊപ്പം ഇറ്റാലിയന്‍ പൗരന്മാര്‍ പങ്കെടുത്തതായുള്ള ആരോപണങ്ങളുയര്‍ന്നതിനേ തുടര്‍ന്ന് മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷം ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. മിലാന്‍ പബ്ലിക് പ്രാസിക്യൂട്ടര്‍ ഓഫീസാണ് അന്വേഷണം ആരംഭിച്ചത്.
ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഇവരെ വീക്കന്‍ഡ് സ്‌നൈപ്പര്‍മാര്‍ എന്നാണ് വിളിക്കുന്നത്. റിപോര്‍ട്ടുകള്‍ പ്രകാരം, അവര്‍ വെള്ളിയാഴ്ച ട്രിയസ്റ്റില്‍ നിന്ന് പുറപ്പെടുകയും വാരാന്ത്യം സറയേവോയിലെ സെര്‍ബ് സേനയോടൊപ്പം ചെലവഴിച്ച്, തിങ്കളാഴ്ച തിരിച്ചെത്തുകയായിരുന്നു. ഈ യാത്രകള്‍ക്കായി അവര്‍ 100,000 യൂറോവരെ നല്‍കിയിരുന്നുവെന്നാണ് ആരോപണം. പത്രപ്രവര്‍ത്തകന്‍ എസിയോ ഗവാസെന്നി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മുന്‍പ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2007ല്‍, യു എസ് മുന്‍ മറൈന്‍ ജോണ്‍ ജോര്‍ഡന്‍ അന്താരാഷ്ട്ര യുദ്ധക്കോടതിയില്‍ ടൂറിസ്റ്റ് ഷൂട്ടര്‍മാര്‍ സറയേവോയിലേക്ക് വന്നതായി പറഞ്ഞിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ബോസ്‌നിയന്‍ സംവിധായകന്‍ മിറാന്‍ സൂപ്പാനിച്ചിന്റെ സറയേവോ സഫാരി എന്ന ഡോക്യുമെന്ററിയും, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള സമ്പന്നര്‍ സാധാരണക്കാരെ ലക്ഷ്യം വെച്ച് വെടിവച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.
കുട്ടികളെ വെടിവച്ചാല്‍ ഏറ്റവും കൂടുതല്‍ പണം ഈടാക്കിയിരുന്നുവെന്നും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത നിരക്കുകളുണ്ടായിരുന്നുവെന്നും, മുതിര്‍ന്നവരെ കൊല്ലുന്നത് ചിലപ്പോള്‍ സൗജന്യ സേവനം പോലെയാണെന്നും ഗവാസെന്നി ആരോപിക്കുന്നു.
