തീരുമാനം പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി; സ്‌കൂള്‍ തുറക്കുന്നത് വകുപ്പുമായി ആലോചിച്ച് തന്നെയെന്നും മന്ത്രി വി ശിവന്‍കുട്ടി

അധ്യാപക സംഘടകളുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സമാന്തരമായി നടക്കും. ഷിഫ്റ്റ് സമ്പ്രദായം വേണോ എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു

Update: 2021-09-19 05:25 GMT

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തന്നെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചില്ലെന്ന് വാസ്തുതാവിരുദ്ധമാണ്. തീരുമാനങ്ങള്‍ പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.

കൊവിഡ് രൂക്ഷമായി നിന്നപ്പോഴാണ് എസ്എസ്എല്‍സി പരീക്ഷയും നടത്തിയത്. അന്ന് ഒന്നും സംഭവിച്ചിരുന്നില്ല.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പുമായും അധ്യാപക സംഘടകളുമായും ചര്‍ച്ച നടത്തും. സമഗ്രമായ റിപോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറും. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സമാന്തരമായി നടക്കും. ഷിഫ്റ്റ് സമ്പ്രദായം വേണോ എന്ന് ആലോചിക്കും. പ്രൈമറി സ്്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ മാറ്റമില്ല. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധര്‍ ജില്ലാ കലക്ടര്‍മാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. അടുത്തമാസം 15ന് മുമ്പ് തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികള്‍ സ്‌കൂളില്‍ എത്തുമ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളും തീരുമാനിക്കും. 

വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

Tags:    

Similar News