സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കാര്‍ഷിക രംഗത്ത് നിയമനിര്‍മാണം നടത്തുന്നത് ഭരണഘടനാവിരുദ്ധം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Update: 2020-12-31 11:02 GMT

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താന്‍ അവകാശമില്ലെന്നും സ്പീക്കര്‍ പി ശിവരാമകൃഷ്ണന്‍. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ പ്രമേയം പാസ്സാക്കിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്പീക്കര്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്.

പ്രതിഷേധം വകവയ്ക്കാതെയും പ്രതിഷേധിച്ചവരെ സസ്‌പെന്‍ഡ് ചെയ്തും ബില്ല് പാസ്സാക്കിയത് ജനാധിപത്യപരമല്ലെന്നും സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് തങ്ങളെ അടിയറവ് വയ്ക്കാതെ കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ മാനിക്കണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

''നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ച് നിയമമാക്കി, നമുക്കായി തന്നെ സമര്‍പ്പിച്ച ഒന്നാണ് ഭരണഘടന. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന ലിസ്റ്റില്‍ പെട്ട ഒന്നാണ് കൃഷിയെന്നിരിക്കെ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കൃഷി സംബന്ധമായ നിയമ നിര്‍മ്മാണം അംഗീകരിക്കാനാകില്ല. പ്രതിഷേധം വക വയ്ക്കാതെ, പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തും ബില്ല് പാസാക്കിയത് ജനാധിപത്യപരമല്ല. അതിനെല്ലാമുപരി കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് തങ്ങളെ അടിയറവ് വയ്ക്കാന്‍ തയ്യാറല്ലാത്ത അനേകായിരം കര്‍ഷകരുടെ പ്രതിഷേധത്തെ മാനിക്കേണ്ടതുണ്ട്''- സ്പീക്കര്‍ എഴുതുന്നു.

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേ കേരള നിയമസഭ പ്രത്യേക യോഗം ചേര്‍ന്നാണ് പ്രമേയം പാസ്സാക്കിയത്. സഭയിലെ ഏക ബിജെപി പ്രതിനിധിയായ ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു.

Tags: