ഗല്‍വാന്‍ താഴ് വരയില്‍ കൊല്ലപ്പെട്ടത് നാലല്ല, 42 ചൈനീസ് സൈനികരെന്ന് റിപോര്‍ട്ട്

Update: 2022-02-03 08:05 GMT

ന്യൂഡല്‍ഹി; 2020 ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 42 ചൈനീസ് സൈനികരാണെന്ന് റിപോര്‍ട്ട്. ആസ്‌ത്രേലിയന്‍ മാധ്യമമായ ദി ക്ലാക്‌സൊന്‍നെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സാമൂഹികമാധ്യമ ഗവേഷകരാണ് വാര്‍ത്തയ്ക്കുപിന്നില്‍.

ഗല്‍വാന്‍ നദി കടക്കുന്നതിനിടയില്‍ ചുരുങ്ങിയത് 38 പേരാണ് കൊല്ലപ്പെട്ടത്. ആ വര്‍ഷം ജൂണ്‍ 15-16 സമയത്ത് ഈ നദീതടത്തിലാണ് ഇന്ത്യാ-ചൈനാ സംഘര്‍ഷമുണ്ടായത്.

ഒരു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിനുശേഷമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

രാത്രിയില്‍ പൂജ്യം ഡിഗ്രി താപനിലയിലുള്ള സമയത്താണ് സൈനികര്‍ നദി കുറുകെ കടന്നതെന്നാണ് വിവരം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേര്‍ മരിച്ചെന്നാണ് നേരത്തെ ചൈനീസ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അന്നത്തെ റിപോര്‍ട്ടനുസരിച്ച് ഒരു ജൂനിയര്‍ സര്‍ജന്റ് നദിയില്‍ മുങ്ങിമരിച്ചിരുന്നു, നാല് പേര്‍ സംഘര്‍ഷത്തില്‍ മരിക്കുകയും ചെയ്തു.

ഇപ്പോള്‍ പുറത്തുവന്ന റിപോര്‍ട്ടനുസരിച്ച് 38 പിഎല്‍എ സൈനികര്‍ മുങ്ങിമരിച്ചു. നാല് പേര്‍ സംഘര്‍ഷത്തിനിടയില്‍ മരിച്ചു.

സിന്‍ജിങ് സൈനിക ദളം രക്തസാക്ഷികളെ അനുസ്മരിക്കാന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നെന്ന് ക്ലാക്‌സോന്‍ പറയുന്നു. ചൈനയിലെ ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയതെന്നും പത്രം പറയുന്നു.

20 സൈനികര്‍ കൊല്ല്‌പ്പെട്ടെന്നാണ് ഇന്ത്യ അവകാശപ്പെട്ടിരുന്നത്. 1962നുശേഷമുണ്ടായ ഏറ്റവും വലിയ മരണനിരക്കാണ് ഇത്.

Tags: