'പലസ്തീനൊപ്പം നില്‍ക്കേണ്ടത് ഉത്തരവാദിത്തം':ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായിക അനുപര്‍ണ റോയ്

Update: 2025-09-09 09:14 GMT

ന്യൂഡല്‍ഹി: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായിക അനുപര്‍ണ റോയ്. 82ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഒറിസോണ്ടി വിഭാഗത്തില്‍ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സംവിധായികക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിലാണ് അവര്‍ ഫലസിതീനൊപ്പം നില്‍ക്കേണ്ടതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 'ഓരോ കുട്ടിയും സമാധാനം, സ്വാതന്ത്ര്യം, വിമോചനം എന്നിവ അര്‍ഹിക്കുന്നു, ഫലസ്തീനികള്‍ അതില്‍ നിന്ന് വ്യത്യസ്തരല്ല, പലസ്തീനൊപ്പം നില്‍ക്കേണ്ടത് ഉത്തരവാദിത്തമാണ്' എന്ന് അവര്‍ പറഞ്ഞു.

തന്റെ തീരുമാനവും വാക്കുകളും സ്വന്തം രാജ്യത്തിന് ആസ്വസ്ഥത സൃഷ്ടിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് അവര്‍ വ്യക്തമാക്കി. 82ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഒറിസോണ്ടി വിഭാഗത്തിലാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സംവിധായികയായി അനുപര്‍ണ റോയ് മാറിയത്. സോങ്സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ് എന്ന ചിത്രത്തിനാണ് ഇവര്‍ പുരസ്‌കാരം നേടിയത്. എന്‍എഫ്ഡിസി പ്രോജക്റ്റ് ഉള്‍പ്പെടെയുള്ള ഷോര്‍ട്ട് ഫിലിമുകളിലൂടെ കരിയര്‍ ആരംഭിച്ച റോയ്, അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഹ്രസ്വചിത്രമായ റണ്‍ ടു ദി റിവറിലൂടെയാണ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.

സോങ്ങ്‌സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ് എന്ന സിനിമയുടെ നിര്‍മ്മാണചിലവുകള്‍ പ്രധാനമായും അവര്‍ തന്നെയാണ് എടുത്തത്. സിനിമയുടെ വിജയത്തെ 'അതിശയകരം' എന്ന് വിശേഷിപ്പിച്ച റോയ്, ജൂറി, അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, ചിത്രം വെനീസില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ് എന്നിവരോട് നന്ദി പറഞ്ഞു.

'നിശബ്ദരാക്കപ്പെട്ട, അവഗണിക്കപ്പെട്ട, അല്ലെങ്കില്‍ കുറച്ചുകാണപ്പെട്ട ഓരോ സ്ത്രീക്കും' അവര്‍ അവാര്‍ഡ് സമര്‍പ്പിച്ചു. തന്റെ അംഗീകാരം 'ഇന്ത്യ മുതല്‍ ലോകം വരെ സിനിമയിലും അതിനപ്പുറത്തും സ്ത്രീകള്‍ക്ക് കൂടുതല്‍ ശബ്ദങ്ങളും, കൂടുതല്‍ കഥകളും, കൂടുതല്‍ ശക്തിയും' പ്രചോദിപ്പിക്കുമെന്ന് അവര്‍ കൂട്ടിചേര്‍ത്തു.

Tags: