മലയാള സിനിമയില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല; പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്ന് വിജയ് യേശുദാസ്

തുടക്കത്തില്‍ നാല്‍പ്പതിനായിരം രൂപ പ്രതിഫലം തന്ന ഒരാള്‍, ഇപ്പോഴും അതേ തരാന്‍ പറ്റൂ എന്ന് ശഠിക്കുമ്പോള്‍ അത് അപമാനിക്കുന്നതിന് തുല്യമാണ്. ഇതിലുള്ള പരിഭവമാണ് പറഞ്ഞത്.

Update: 2020-11-16 04:49 GMT

ചെന്നൈ: മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ്. പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ തലക്കെട്ടിട്ടത് ആ മാഗസിന്റെ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്. താന്‍ പറഞ്ഞതല്ല റിപ്പോര്‍ട്ട് ചെയ്തത്. സംഗീത പരിപാടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പറഞ്ഞത്. ഇപ്പോഴുള്ളതുപോലെ തന്നെ ഇനിയും മലയാളത്തിലുള്‍പ്പടെ വിവിധ ഭാഷകളില്‍ പാടും.

ഫീല്‍ഡില്‍ എത്തിയിട്ട് 20 വര്‍ഷമായി. ഇത്ര കാലമായിട്ടും പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുന്നത് ശരിയായ രീതിയല്ല. തുടക്കക്കാരനോടെന്ന പോലെയാണ് ഇപ്പോഴും തന്നോട് പലരും പെരുമാറുന്നത്. മലയാളത്തില്‍ ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. തുടക്കത്തില്‍ നാല്‍പ്പതിനായിരം രൂപ പ്രതിഫലം തന്ന ഒരാള്‍, ഇപ്പോഴും അതേ തരാന്‍ പറ്റൂ എന്ന് ശഠിക്കുമ്പോള്‍ അത് അപമാനിക്കുന്നതിന് തുല്യമാണ്. ഇതിലുള്ള പരിഭവമാണ് പറഞ്ഞത്. പാട്ടിനോടുള്ള താല്‍പര്യം കൊണ്ടാണ് പാടുന്നത്. എന്നാല്‍ ആത്യന്തികമായി ഉപജീവന മാര്‍ഗവുമാണ്. ഇത് പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. അച്ഛനെയും അമ്മയെയും വരെ പലരും മോശമായി പരാമര്‍ശിച്ചു. പക്ഷേ അതൊന്നും ബാധിക്കില്ലെന്നും വിജയ് യേശുദാസ് പറഞ്ഞു. സങ്കടം വരുമ്പോള്‍ തുറന്നു പറയുന്നത് പ്രേക്ഷകരോടാണ്. അത് എങ്ങനെ സ്വീകരിക്കണമെന്നത് കേള്‍ക്കുന്നവരുടെ ഇഷ്ടമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: