ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്നുവെന്നത് വെറും മിത്ത് മാത്രം; സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

Update: 2021-12-26 08:19 GMT

ഹൈദരാബാദ്: ജഡ്ജിമാര്‍ ചേര്‍ന്ന് ജഡ്ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് വെറും മിത്തു മാത്രമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജി നിയമനത്തിലെ ഒരു കക്ഷി മാത്രമാണ് ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു.

വിജയവാഡയില്‍ അഞ്ചാമത് ശ്രീ ലൗ വെങ്കിടേശ്വര എന്‍ഡൗമെന്റ് പ്രഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച പരാമര്‍ശം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ-വെല്ലുവിളികളും ഭാവിയും എന്നായിരുന്നു പ്രഭാഷണ വിഷയം. 

ഇപ്പോഴത്തെ കാലത്ത് ജഡ്ജിമാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ജഡ്ജിമാര്‍ക്കെതിരേ വിവിധ മാധ്യമങ്ങളില്‍ കാംപയിന്‍ നടക്കുന്നു. തങ്ങള്‍ക്ക് അനുകൂലമായ വിധി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടികള്‍ ജഡ്ജിമാര്‍ക്കെതിരേ തിരിയുന്നു- അദ്ദേഹം പറഞ്ഞു.

പബ്ലിക് പ്രോസിക്യൂട്ടര്‍ സംവിധാനത്തെ സ്വതന്ത്രമാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. അവര്‍ക്ക് കോടതിയോട് മാത്രമേ മറുപടിപറയേണ്ടതുള്ളൂവെന്ന് വ്യവസ്ഥ ചെയ്യണം- അദ്ദേഹം പറഞ്ഞു.

ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട മിത്താണ്. ജുഡീഷ്യറി ജഡ്ജി നിയമത്തിലെ ഒരു കണ്ണി മാത്രമാണ്- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എംപി ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്ററി ചര്‍ച്ചക്കിടയില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു. ഹൈക്കോടതി, സുപ്രിംകോടതി ഭേദഗതി, 2021 ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ജഡ്ജി നിയമന സംവിധാനത്തെ വിമര്‍ശിച്ചത്.

'ജഡ്ജി നിയമനത്തില്‍ നിരവധി കക്ഷികള്‍ പങ്കുകാരാണ്. കേന്ദ്ര നിയമന്ത്രാലയം, സംസ്ഥാന സര്‍ക്കാരുകള്‍, ഗവര്‍ണര്‍, ഹൈക്കോടതി കൊളീജിയം, ഐബി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരാണ് ജഡ്ജിമാരുടെ പേരുകള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്'- അറിവുള്ളവര്‍ പോലും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: