പാട്ടുവഴിയിലെ ഏകാന്ത സഞ്ചാരി മെഹബൂബ് മറഞ്ഞിട്ട് 40 വര്‍ഷം

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായ ജീവിതനൗകയില്‍ ആണ് മെഹബൂബ് ആദ്യമായി പാടുന്നത്.

Update: 2021-04-22 07:13 GMT

കോഴിക്കോട്: സംഗീതത്തിന്റെ ആരോഹണാവരോഹണങ്ങള്‍ പോലെ ജീവിതത്തെയും ഉയര്‍ച്ച താഴ്ച്ചകളിലൂടെ പാടിത്തീര്‍ത്ത കൊച്ചിയുടെ സ്വന്തം ഗായകന്‍ മെഹബൂബ് ഓര്‍മയായിട്ട് 40 വര്‍ഷം തികയുന്നു. കൈവന്ന അവസരങ്ങള്‍ പോലും മറ്റുള്ളവര്‍ക്ക് വെച്ചുനീട്ടിയ മെഹബൂബ് അവസാന കാലങ്ങളില്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞുകൂടിയത്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗായകനായിരുന്ന മെഹബൂബ് 1981 ഏപ്രില്‍ 22ന് മരണപ്പെട്ടത് തീര്‍ത്തും ദരിദ്രനായിട്ടായിരുന്നു.


1926ല്‍ ബ്രിട്ടീഷ് കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ദെഖ്‌നി സമൂഹത്തില്‍ ഹുസൈന്‍ഖാന്റെയും തൂക്കഖാലയുടെയും മകനായാണ് മെഹബൂബ് ഖാന്‍ ജനിച്ചത്. ദാരിദ്ര്യം കാരണം കുട്ടിക്കാലത്ത് തന്നെ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിനുവേണ്ടി പണിയെടുക്കേണ്ടി വന്നു. എങ്കിലും ചെറുപ്പത്തിലേ സംഗീതത്തിലുണ്ടായിരുന്ന അഭിരുചി പ്രകടമാക്കിയ മെഹബൂബ് കല്യാണസദസ്സുകളിലും മറ്റ് സദസ്സുകളിലും പാടി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു. പ്രശസ്ത ഗസല്‍ഗായകനായ പങ്കജ് മല്ലിക്കാണ് മെഹബൂബിലെ പ്രതിഭ തിരിച്ചറിയുന്നത്. അദ്ദേഹം മെഹബൂബിനെ നിരവധി കച്ചേരികളില്‍ പങ്കെടുപ്പിച്ചു. 1940കളില്‍ അറിയപ്പെടുന്ന ഗായകനായി മെഹബൂബ് വളര്‍ന്നിരുന്നു.


മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായ ജീവിതനൗകയില്‍ ആണ് മെഹബൂബ് ആദ്യമായി പാടുന്നത്. ചലച്ചിത്രസുഹൃത്തും നടനുമായ ടി.എസ്. മുത്തയ്യ അദ്ദേഹത്തെ സംഗീതസംവിധായകനായ ദക്ഷിണാമൂര്‍ത്തിയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു. 'സുഹാനീ രാത് ഢല്‍ ചുക്കീ' എന്ന ഗാനത്തിന്റെ മലയാളം പതിപ്പായ 'അകാലേ ആരും കൈവിടും / നീ താനേ നിന്‍സഹായം ' എന്ന ഹിറ്റ് ഗാനമുള്‍പ്പെടെ മൂന്നു ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. പിന്നീടങ്ങോട്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ ഗാനങ്ങളുടെ പെരുമഴ ആയിരുന്നു. മലയാളത്തിലെ സര്‍വ്വകാല ഹിറ്റ് സിനിമയായ നീലക്കുയിലിലെ 'മാനെന്നും വിളിക്കില്ല' എന്ന മെഹബൂബിന്റെ ഗാനം വന്‍വിജയമായിരുന്നു. എം.എസ്.ബാബുരാജ്, കെ.രാഘവന്‍, ജി.ദേവരാജന്‍, ആര്‍.കെ. ശേഖര്‍ തുടങ്ങി അക്കാലത്തെ മിക്ക സംഗീതസംവിധായകരുടെയും പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു. പി ഭാസ്‌കരന്‍ എഴുതിയ തമാശരൂപേണയുള്ള ഒരുപാട് പാട്ടുകള്‍ മെഹബൂബ് പാടിയിട്ടുണ്ട്.


1970കളുടെ അവസാനം തന്നെ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യ വേദികളിലും മാത്രമായി ഒതുങ്ങിക്കൂടി. സിനിമയില്‍ പാടിയതിലും എത്രയോ കൂടുതല്‍ ഗാനങ്ങള്‍ സ്വകാര്യവേദികളിലും നാടകങ്ങളിലും മെഹബൂബ് പാടിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. മേപ്പള്ളി ബാലന്‍ എന്ന സുഹൃത്താണ് ഈ ഗാനങ്ങളില്‍ പലതിനും സംഗീതം നല്‍കിയത്.


എഴുപതുകളോടെ സിനിമാരംഗത്തോട് മെഹബൂബ് വിടപറഞ്ഞു. തനിക്കു ലഭിച്ച അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു അവസാനകാലത്ത് മെഹബൂബ് ചെയ്തത്.




Tags:    

Similar News