ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് നമ്പി നാരായണന്‍
ചാരക്കേസില്‍ തന്നെ കൂടുതല്‍ ഉപദ്രവിച്ചത് സിബി മാത്യൂസ് ആണെന്ന് നമ്പി നാരായണന്‍ കോടതിയില്‍ പറഞ്ഞു
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കൂടുതല്‍ ഉപദ്രവിച്ചത് സിബി മാത്യൂസ് ആണെന്ന് നമ്പി നാരായണന്‍ കോടതിയില്‍ പറഞ്ഞു. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് നമ്പി നാരായണന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
തിരുവനന്തപുരം ജില്ലാ കോടതിയിലെ സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജിയില്‍ നമ്പി നാരായണനും കക്ഷി ചേര്‍ന്നു. ചാരക്കേസില്‍ ഹര്‍ജി കോടതി ഈ മാസം ഏഴിന് പരിഗണിക്കാന്‍ മാറ്റി.
കഴിഞ്ഞ ജൂണ്‍ 24 നാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കേരളാ പോലിസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തു. സിബി മാത്യൂസിനെയും ആര്‍ബി ശ്രീകുമാറിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പേട്ട സി.ഐ ആയിരുന്ന എസ് വിജയനാണ് ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെകെ ജോഷ്വ അഞ്ചാം പ്രതിയുമാണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ബി ശ്രീകുമാര്‍ പ്രതി പട്ടികയില്‍ ഏഴാമതാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന വിആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.