സൊമാലിലാന്‍ഡ് അംഗീകാരവും സന്ദര്‍ശനവും; ഇസ്രായേല്‍ നടപടി അന്താരാഷ്ട്ര നിയമലംഘനമെന്ന് ഒഐസി

Update: 2026-01-10 10:19 GMT

കുവൈത്ത് സിറ്റി: സൊമാലിയയില്‍ നിന്ന് വേര്‍പിരിഞ്ഞ വിഘടന മേഖലയായ സൊമാലിലാന്‍ഡിനെ അംഗീകരിക്കുകയും അവിടേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും ചെയ്ത ഇസ്രായേല്‍ നടപടിയെ ശക്തമായി അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി). ഇസ്രായേല്‍ ഉദ്യോഗസ്ഥന്റെ സൊമാലിലാന്‍ഡ് സന്ദര്‍ശനം സൊമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിനുമെതിരായ നഗ്‌നമായ ലംഘനമാണെന്ന് ഒഐസി വിദേശകാര്യ മന്ത്രിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

എല്ലാ തരത്തിലുള്ള വിഘടനവാദ അജണ്ടകളെയും മന്ത്രിമാര്‍ ശക്തമായി എതിര്‍ത്തു. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുക എന്നിവയുടെ പ്രാധാന്യവും പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. സൊമാലിയയുടെ പരമാധികാരം, ദേശീയ ഐക്യം, പ്രാദേശിക സമഗ്രത, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികള്‍ക്കും ഒഐസി പിന്തുണ പ്രഖ്യാപിച്ചു. സൊമാലിയയുടെ പരമാധികാരത്തോടും ദേശീയം ഐക്യത്തോടും പ്രാദേശിക സമഗ്രതയോടും ഇസ്രായേല്‍ ഭരണകൂടം ബഹുമാനം കാണിക്കണമെന്നും, സൊമാലിലാന്‍ഡിനുള്ള അംഗീകാരം ഉടന്‍ പിന്‍വലിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.

കുവൈത്ത്, ജോര്‍ദാന്‍, ഈജിപ്ത്, അള്‍ജീരിയ, ബംഗ്ലാദേശ്, കൊമോറോസ്, ജിബൂട്ടി, ഗാംബിയ, ഇന്‍ഡോനേഷ്യ, ഇറാന്‍, ലിബിയ, മാലദ്വീപ്, നൈജീരിയ, ഒമാന്‍, പാകിസ്താന്‍, ഫലസ്തീന്‍, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്‍, തുര്‍ക്കി, യെമന്‍ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Tags: