ഇസ്രായേല്‍ ബന്ധം: സുദാനില്‍ കനത്ത പ്രതിഷേധം

''അധിനിവേശ സ്ഥാപനവുമായി സമാധാനമോ, ചര്‍ച്ചകളോ, അനുരഞ്ജനമോ ഇല്ല'' ''ഞങ്ങള്‍ കീഴടങ്ങില്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും പലസ്തീനൊപ്പം നില്‍ക്കും''

Update: 2020-10-24 15:13 GMT

ഖാര്‍ത്തൂം: ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സുദാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജ്യത്ത് കനത്ത പ്രതിഷേധം. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ''അധിനിവേശ സ്ഥാപനവുമായി സമാധാനമോ, ചര്‍ച്ചകളോ, അനുരഞ്ജനമോ ഇല്ല'' ''ഞങ്ങള്‍ കീഴടങ്ങില്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും പലസ്തീനൊപ്പം നില്‍ക്കും'' എന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞു.

വെള്ളിയാഴ്ച്ചയാണ് ഇസ്രയേല്‍, സുഡാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ യോജിപ്പിന്റെ മാര്‍ഗത്തിലേക്കു പ്രവേശിക്കുമെന്ന് വ്യക്തമാക്കിയത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സുദാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സുദാനിലെ പ്രധാന മുന്നണിയായ എഫ്എഫ്സി രാഷ്ട്രീയ സഖ്യത്തിലെ രണ്ടാമത്തെ പ്രധാന ഘടകമായ സുഡാനിലെ പോപ്പുലര്‍ കോണ്‍ഗ്രസ് ഇസ്രായേലുമായുള്ള കാരാറിനെ വിമര്‍ശിച്ചു. കരാര്‍ സ്വീകരിക്കാന്‍ സുദാനിലെ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്നും ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ ന്യായമായ എല്ലാ അവകാശങ്ങളും നേടുന്നതിനായി പിന്തുണ നിലനിര്‍ത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സുദാനിലെ മുന്‍ പ്രധാനമന്ത്രി സാദിഖ് അല്‍ മഹ്ദിയും കരാറിനെ വിമര്‍ശിച്ചു.

Tags: