ഗസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; യുഎന്‍ സുരക്ഷാസമിതി ഇന്ന് യോഗം ചേരും

Update: 2021-05-16 03:34 GMT

ഗസ: ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗസ അല്‍ഷിഫ ആശുപത്രി ഡയറക്ടര്‍ മുഹമ്ദ് അബു സെല്‍മിയ. പരിക്കേറ്റ് ആശുപത്രിയിലെത്തിയ ചിലര്‍ ഇതിനകം മരിച്ചു.

ശനിയാഴ്ച രാത്രി വീണ്ടും ഇസ്രായേല്‍ ഗസയെ ഉന്നം വച്ച് ആക്രമണം അഴിച്ചുവിട്ടിരുന്നു. റഷ്യന്‍ വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച് പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ അകപ്പെട്ടിരിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം തുടങ്ങിയത്.

ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാധ്യമസ്ഥാപനങ്ങളടക്കം തകര്‍ക്കപ്പെട്ടു. അല്‍ജസീറയുടെയും അമേരിക്കന്‍ അസോസിയേറ്റഡ് പ്രസിന്റെയും ഓഫിസുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

ഇസ്രായേല്‍ ആക്രണത്തിനെതിരേ ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ പത്തോളം ഇസ്രായേലികള്‍ ഇതുവരെ മരിച്ചിട്ടുണ്ട്.

ഒരാഴ്ചയായി തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തെറസ് അധ്യക്ഷനാവും. ആക്രണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണെന്ന് സുരക്ഷാസമിതി ആവശ്യപ്പെടും.

ശനിയാഴ്ച മാത്രം 2,800 റോക്കറ്റുകള്‍ ഇസ്രായേല്‍ സൈന്യം തൊടുത്തുവിട്ടിട്ടുണ്ട്. 430 റോക്കറ്റുകള്‍ ഗസ മുനമ്പില്‍ പതിച്ചു. ഗസയിലെ 672 കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റുകള്‍ തൊടുത്തതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

ഫലസ്തീന്‍ നല്‍കുന്ന കണക്കനുസരിച്ച ഇതോടകം 140 പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ 40 പേര്‍ കുട്ടികളാണ്. റെഡ് ക്രസന്റ് കണക്കനുസരിച്ച് 1,300 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

Tags:    

Similar News