ഗസ സിറ്റി: ഫലസ്തീന്‍ നഗരമായ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ ഇസ് ലാമിക് ജിഹാദ് കമാന്‍ഡറും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റു.
15 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞായിരുന്നു ആക്രമണം നടന്നത്. ഒന്നിലേറെ തവണ പൊട്ടിത്തെറി ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ തെക്കന്‍ മേഖലയിലും ആക്രമണം നടന്നു.
ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡിന്റെ കമാന്‍ഡറായ തയ്‌സിര്‍ അല്‍ജബാരി ഗസ സിറ്റിയുടെ മധ്യഭാഗത്തുള്ള ഫലസ്തീന്‍ ടവറിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു മുതിര്‍ന്ന ഫലസ്തീന്‍ നേതാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനിടേയാണ് ഇസ്രയേല്‍ വ്യോമാക്രമണം.
വെള്ളിയാഴ്ചത്തെ ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പ്രസ്താവനയില്‍ പറഞ്ഞു.
